കൽപ്പറ്റ: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. കാട്ടിൽനിന്നും ഇറങ്ങിവന്ന് റോഡിലൂടെ നടന്നുനീങ്ങിയ ആനയ്ക്ക് മുന്നിലേക്കാണ് കാർ എത്തിയത്.
ആനയെ കണ്ടതോടെ പരിഭ്രാന്തനായ ഡ്രൈവർ റോഡിന്റെ വശത്തേയ്ക്ക് കാർ ഒതുക്കി നിർത്തി. എന്നാൽ നടന്നുപോകുന്നതിനിടെ ആന കാറിനുനേരെ തിരിഞ്ഞു. ഈ സമയം സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവർ പകർത്തുകയായിരുന്നു.
ഇവർ ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞത്. പലതവണ കാറിനുനേരെ ആന പാഞ്ഞടുക്കാൻ ശ്രമിക്കുമ്പോഴും ദൃശ്യംപകർത്തുന്നവർ ശബ്ദം ഉണ്ടാക്കി. ഇതുകൊണ്ടുമാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
തെരുവ് നായ്ക്കൾ കുരച്ചുകൊണ്ട് ആനയുടെ പിറകെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയം റോഡിൽ നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്ക് തിരിച്ചുകയറി. വനമേഖലയിലൂടെയുള്ള റോഡായതിനാൽ ഈ ഭാഗത്ത് പതിവായി ആന ഇറങ്ങാറുണ്ട്. യാത്രക്കാർ അതീവ ജാഗ്രതപുലർത്തണമെന്ന് വനംവകുപ്പും ജനപ്രതിനിധികളും നിർദേശം നൽകുന്ന പ്രദേശമാണിത്.