KeralaNews

ലോകം പകച്ചുനിന്നപ്പോൾപോലും നേതൃപാടവം തെളിയിച്ചു’; ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമൽ ഹാസൻ

കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് വടകരയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് കമല്‍ ഹാസന്‍ സംസാരിച്ചത്.

കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പോരാട്ടത്തില്‍ പതറാത്ത കെ.കെ. ശൈലജയെപ്പോലുള്ള നേതാക്കള്‍ ലോക്‌സഭയിലെത്തേണ്ടതുണ്ടെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഓര്‍മിപ്പിച്ചു.

തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- ഇടത്- മുസ്ലിം ലീഗ് പാര്‍ട്ടികളുടെ സഖ്യത്തിനെ പിന്തുണയ്ക്കാനാണ് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ തീരുമാനം. നേരത്തെ, അദ്ദേഹം കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം ഒഴിവുരുന്ന രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനാണ് സഖ്യത്തില്‍ ധാരണ. അതേസമയം, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ ഡി.എം.കെ. ഏറ്റെടുത്ത് പകരം ദിണ്ടിഗല്‍ സീറ്റ് നല്‍കി.

സന്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍:

നാളിതുവരെ നടന്ന തിരഞ്ഞെടുപ്പിനും ഇത്തവണ വോട്ടുരേഖപ്പെടുത്താന്‍ പോകുന്ന തിരഞ്ഞെടുപ്പിനും ഏറെ വ്യത്യാസമുണ്ട്. നമ്മള്‍ വോട്ടുചെയ്യുന്നത് രാജ്യത്തെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താന്‍ കൂടിയാണ്. ആ പോരാട്ടത്തില്‍ പ്രധാനകണ്ണിയാവാന്‍ പോകുന്ന നേതാക്കളില്‍ ഒരാളാണ് വടകരയില്‍നിന്ന് മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ഥി എന്റെ പ്രിയ്യപ്പെട്ട സഹോദരി കെ.കെ. ശൈലജ.

ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ് കെ.കെ. ശൈലജ. വടകര മണ്ഡലത്തിന് തൊട്ടടുത്ത് കോഴിക്കോട് ജില്ലയില്‍ 2018-ല്‍ നിപ വൈറസ് ആക്രമണമുണ്ടായപ്പോള്‍, ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്ന് സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ചെയ്തത്. കോഴിക്കോട് ക്യാമ്പ് ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അവശ്യമരുന്നുകളെത്തിച്ച് മാതൃകാപരമായി പ്രവര്‍ത്തിച്ചു.

ഇതിലും മികച്ചതായിരുന്നു കോവിഡ് കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയക്ക് കെ.കെ. ശൈലജയുടെ പ്രവര്‍ത്തനം. കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായിരുന്നു. അതിന് വഴിവെച്ചത് ശൈലജയുടെ നേതൃത്വം തന്നെയാണ്. ലോകാരോഗ്യസംഘടനയും സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുമൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് അവാര്‍ഡുകള്‍ നല്‍കി.

ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് ശൈലജയെ ക്ഷണിച്ചു. ലോകമാധ്യമങ്ങള്‍ ശൈലജയുടെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി എഴുതിയത് നമ്മള്‍ മറന്നിട്ടില്ല. ഇങ്ങനെ ചിന്തയും പ്രവൃത്തിയുംകൊണ്ട് ലോകത്തിന്റെ ആദരം നേടിയ വ്യക്തിയാണ് കെ.കെ. ശൈലജ.

കേന്ദ്രത്തില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടുമൊക്കെ. ഈ വ്യവസ്ഥിതിക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശബ്ദം ഉയര്‍ത്താന്‍ കെ.കെ. ശൈലജയെപ്പോലെ പോരാട്ടത്തില്‍ പതറാത്ത നേതാക്കള്‍ നമ്മള്‍ക്കുവേണം. കെ.കെ. ശൈലജയ്ക്ക് ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ നിങ്ങളുടെ വിലയേറിയ വോട്ടുരേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കെ.കെ. ശൈലജയ്ക്ക് ഒരായിരം വിജയാശംസകള്‍ നേരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker