പത്തനംതിട്ട: കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയ ബിജുവിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നുവെന്ന് ഭാര്യ. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്.
വീടിന് പുറത്ത് ആനയുടെ ശബ്ദം കേട്ട് താനും ഭർത്താവും ഒരുമിച്ചാണ് വീടിന് പുറത്തിറങ്ങിയത്. ആനയുടെ ചിന്നംവിളി കേട്ട് താൻ ഭയപ്പെട്ട് പിൻമാറിയിരുന്നു. ആദ്യം ഞങ്ങൾ ഒരുമിച്ച് റോഡ് വരെ പോയി. മുന്നോട്ട് പോകണ്ടെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞിരുന്നു. ആന വീടിന് സമീപത്തേക്ക് വരുന്നതുകണ്ട് രണ്ടാമതും പോയതാണ്. കുറച്ച് ദൂരം വരെയാണ് പോയത്. ഹെഡ്‌ലൈറ്റ് കണ്ടതോടെ ആന പാഞ്ഞടുക്കുകയായിരുന്നു. അടുത്തെത്തിയപ്പോൾ ആന ചിന്നംവിളിച്ചു. കാടായതിനാൽ ഓടിരക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞാൻ ലൈറ്റുമായി അടുത്ത് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു’- ഡെയ്‌സി പറഞ്ഞു.
വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്. അതേസമയം, ഓട്ടോ ഡ്രൈവറായ ബിജുവിന്റെ കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മകന് ജോലി നൽകണമെന്ന ശുപാർശ സർക്കാരിന് കൈമാറുമെന്നും കളക്ടർ വ്യക്തമാക്കി.