കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചതെന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സഹകരണ രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. ഇഡി നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഇഡിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
സഹകരണ വകുപ്പ് രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നത് എന്തിനെന്ന് ഇഡിയോട് ഹൈക്കോടതി ചോദിച്ചു. ഇഡി നല്‍കിയ സമന്‍സില്‍ വ്യക്തതയില്ല.
എന്ത് അധികാരത്തിലാണ് സഹകരണ രജിസ്ട്രാറുടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് ഇഡി വിശദീകരിക്കണം. ആവശ്യമെങ്കില്‍ ഇഡിക്ക് പുതിയ സമന്‍സ് അയക്കാം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ ചോദ്യം ചെയ്ത് സഹകരണ രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയ സമന്‍സ് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആക്ഷേപം.
ഇഡിയുടെ സമന്‍സ് റദ്ദാക്കണം. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറത്തുനിന്നുള്ള വിവരങ്ങള്‍ ഇഡിക്ക് ചോദിക്കാനാവില്ല. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളുടെ വിവരങ്ങളാണ് ഇഡി തേടിയത്. അധികാര പരിധിയുടെ ലംഘനമാണ് ഇഡിയുടെ നടപടിയെന്നുമാണ് സഹകരണ രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരായി. സഹകരണ രജിസ്ട്രാര്‍ക്ക് കീഴിലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യക്തതയില്ലാത്ത നോട്ടീസാണ് ഇഡി സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയത്.
സഹകരണ മേഖലയില്‍ സമഗ്ര അന്വേഷണം നടത്താന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം. നിലവിലെ സമന്‍സില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ സമന്‍സ് നല്‍കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി നല്‍കി.