സൂര്യയും ദുൽഖറും ഒന്നിക്കുന്നു, ഒപ്പം നസ്രിയയും, സുധ കൊങ്കര ചിത്രം ‘സൂര്യ 43’ പ്രഖ്യാപിച്ചു
ചെന്നൈ:തമിഴ് സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ യുവതാരം ദുൽഖറും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. സൂര്യയുടെ 43ാമത് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ് വർമ്മയാണ് മറ്റൊരു പ്രധാന താരം.
ജി.വി. പ്രകാശ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ നൂറാം ചിത്രം കൂടിയാണിത്. 2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്‌ശേഖർ കർപ്പൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അനൗൺസ്‌മെന്റ് വീഡിയോയിൽ പുറനാന്നൂറ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിളും ഇതാണോ ചിത്രത്തിന്റെ പേര് എന്ന് വ്യക്തമാക്കിയിട്ടില്ല. ആക്ഷൻ ത്രില്ലർ ജോണറിലുള്ളതാകും സിനിമ എന്നാണ് ടൈറ്റിൽ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
ഒ.ടി.ടി റിലീസായ് എത്തിയ സൂരൈപോട്ര് എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിലെ അഭിനയത്തിന് അപർണ മുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു, അതേസമയം കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നചത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ത്രീഡിയിൽ ആണ് റിലീസിനെത്തുക.