ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരേ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തികൂടെയെന്നാണ് കോടതി ആരാഞ്ഞത്. ഇന്ന് തന്നെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിഗണിക്കുമ്പോള്‍ കേന്ദ്ര നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് കേരളത്തിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. അടിയന്തരമായി കടം എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇന്ന് തന്നെ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തീരുമാനം വൈകരുതെന്നും സിബല്‍ കോടതിയില്‍ പറഞ്ഞു.
ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രോവിഡന്റ് ഫണ്ട് വിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തുകൂടെയെന്ന് കോടതി ആരാഞ്ഞത്. എന്നാല്‍, ഈ വിഷയം പൊതു ധനകാര്യ മേഖലയെ ബാധിക്കുന്നതാണെന്നും വലിയ മാനങ്ങളുള്ളതാണെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.