തിരുവനന്തപുരം: കിളിരൂർ കേസിലെ വിഐപിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങൾക്ക് അവസാനമിട്ട് മുൻ ഡിജി ശ്രീലേഖ ഐപിഎസ്. കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്നും അങ്ങനെ ഒരാളില്ലെന്നും അവർ വെളിപ്പെടുത്തി.
വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്. ഒരു പാവം പെൺകുട്ടിയെ നശിപ്പിച്ച കേസ്. കുത്തിപ്പൊക്കി വലിയ വിവാദമാക്കിയ കേസ്. പൊളിറ്റിക്കൽ മൈലേജിന് വേണ്ടിയാണ് വിഐപി ഫാക്ടർ കേസിൽ കൊണ്ടുവന്നതെന്ന് ശ്രീലേഖ വെളിപ്പെടുത്തി.
ബിജെപിയിൽ ചേർന്ന സാഹചര്യം വളരെ ആകസ്മികമായാണെന്നും ശ്രീലേഖ പറഞ്ഞു. ഒരു സ്ഥാനവും ലഭിക്കുമെന്ന ഉദ്ദേശ്യത്തിലല്ല പാർട്ടിയിൽ ചേർന്നത്. മോദി പ്രഭാവം തന്നെയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്നും അംഗത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞിരുന്നു. പലകാര്യങ്ങളും ഇപ്പോൾ കാണാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ്പാർട്ടിയിൽ എത്തിയത്.
ബിജെപിയുടെ ആദർശങ്ങളോട് വിശ്വാസമുള്ളതിനാലാണ് കൂടെ നിൽക്കുന്നതെന്നും ശ്രീലേഖ മറുപടി നൽകിയിരുന്നു രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്‌ലോഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.