ബ്രസല്‍സ്: കൊവിഡ് വാക്സിന് കുത്തിവെയ്പ്പ് എടുക്കുന്നതിന് മുമ്പ് വേദനസംഹാരികള്‍ കഴിക്കരുതെന്ന് ലോകാരോഗ്യസംഘടന. വേദനസംഹാരികള്‍ കഴിച്ച ശേഷം വാക്സിന് എടുക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം വാക്സിന് എടുത്ത് കഴിഞ്ഞാല്‍ പൊതുവേ ഉണ്ടാകാറുള്ള ശരീരവേദന, പനി എന്നിവ കുറയ്ക്കാനായി പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ കഴിയ്ക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിന് എടുത്തവരില്‍ കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് വേദന, ക്ഷീണം, തലവേദന,പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ രണ്ട് ദിവസത്തോളം നീണ്ടുനില്‍ക്കുമെങ്കിലും സങ്കീര്‍ണമാകാറില്ല.
എന്നാല്‍ അലര്‍ജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സ്ഥിരമായി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വാക്സിന് എടുക്കുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും ഡബ്ലിനിലെ ട്രിനിറ്റി കോളേജ് പ്രഫസര്‍ ലൂക്ക് ഒ നീല്‍ പറഞ്ഞു. വാക്സിന് എടുക്കുന്നതിന് മുമ്പ് വേദനസംഹാരി കഴിക്കുന്നത് ശരീരത്തിന്റെ ആന്റിബോഡി പ്രതികരണത്തെ കുറച്ചേക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.