കേരളത്തിന് വേണ്ട വാക്‌സിന്‍ എപ്പോള്‍ ലഭ്യമാക്കും; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം വെള്ളിയാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേരളത്തിന് അനുവദിച്ച വാക്സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമാണ്.

ഇപ്പോഴത്തെ രീതിയില്‍ വാക്സിന്‍ നല്‍കിയാല്‍ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. അതുകൊണ്ട് എപ്പോള്‍ സംസ്ഥാനത്തിന് വേണ്ട വാക്സിന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.

വാക്സിന്‍ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News