പൃഥ്വിരാജിന് പ്രശ്‌നം വന്നപ്പോള്‍ ഒരു സീനിയര്‍ നടന്മാരും കൂടെ നിന്നില്ല; തുറന്നടിച്ച് മല്ലിക
കൊച്ചി:സൂപ്പര്‍ താരമാണ് പൃഥ്വിരാജ്. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച താരമാണ് പൃഥ്വിരാജ്. തന്റെ നിലപാടുകളിലൂടേയും പൃഥ്വിരാജ് കയ്യടി നേടുന്നു. തന്റെ കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൃഥ്വിരാജിന്.
കടുത്ത സൈബര്‍ ആക്രമണങ്ങള്‍ മുതല്‍ താരസംഘടനയുടെ വിലക്കടക്കം പൃഥ്വിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിയ്ക്ക് സംഘടനയില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് മല്ലിക സുകുമാരന്‍ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
പൃഥ്വിരാജിനെ പോലെ സൈബര്‍ ആക്രമണം നേരിട്ടൊരു താരവുമില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ പൊട്ടിക്കണം എന്ന് നിര്‍ബന്ധമായിരുന്നതു പോലെയായിരുന്നു. പക്ഷെ ഇന്ന് പാന്‍ ഇന്ത്യന്‍ താരവും മലയാള സിനിമയുടെ മുഖവുമാണ് പൃഥ്വിരാജ്. അന്ന് ചീത്ത വിളിച്ചവരും അഭിമാനത്തോടെയാണ് പൃഥ്വിരാജ് എന്ന പേര് പറയുന്നത് എന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു.
അവനന്ന് കുട്ടിയാണ്. പത്തിരുപത് വയസല്ലേയുള്ളൂ സമരമാണെന്ന് പറഞ്ഞ് രണ്ട് മൂന്ന് മാസം കാത്തിരുന്നതാണ്. അന്ന് ബാക്കിയുള്ളവരെല്ലാം സൂപ്പര്‍ സ്റ്റാര്‍സാണ്. അവന്‍ രണ്ട് സിനിമകള്‍ ഒപ്പിട്ട് നില്‍ക്കുകയാണ്. വിനയന്‍ സാറിന്റെ ഒരു പടവും മറ്റൊരു പടവും. ഇനി പോയില്ലെങ്കില്‍ കുഴപ്പമാകുമോ? കരാര്‍ ഒപ്പിട്ടതല്ലേ? കേസ് കൊടുക്കുമോ എന്നൊക്കെയായിരുന്നു. അന്ന് അവന്റെ നിസഹായാവസ്ഥയില്‍ കൂടെ നില്‍ക്കാന്‍ ഈ മുതിര്‍ന്ന നടന്മാര്‍ പലരും തയ്യാറായിരുന്നില്ലെന്നാണ് മല്ലിക പറയുന്നത്.
അങ്ങനൊന്നും പറഞ്ഞാല്‍ പറ്റില്ല, നിങ്ങള്‍ മാത്രമല്ല ഒരുപാട് പേര്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ഒരുപാട് പേര്‍ എന്നൊക്കെ പറഞ്ഞത് ചുമ്മാതാണ് അന്ന് പൃഥ്വിയും ഇന്ദ്രനും പിന്നെ ഒന്നു രണ്ടു പേരും മാത്രമാണ് ചെറുപ്പക്കാരായുള്ളത്. അങ്ങനെ കുറേ ആലോചിച്ച ശേഷമാണ് അവന്‍ പോകാന്‍ തീരുമാനിക്കുന്നത്. രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ്, കേസിനൊന്നും പോകണ്ട എന്ന് പറഞ്ഞ് വിനയന്‍ സാറിന്റെ പടത്തില്‍ അഭിനയിക്കുകയാണെന്നാണ് മല്ലിക പറയുന്നത്.
ഒരു സംഘടനയുമായി ഇറങ്ങി തിരിക്കുമ്പോള്‍ ആരെയെങ്കിലും ഒറ്റപ്പെടുത്തി മുന്നോട്ട് പോകാം എന്ന് കരുതുന്നത് ശരിയല്ല. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തി വേണം മുന്നോട്ട് പോകാന്‍. പക്ഷെ അതിലും പ്രശ്‌നം കണ്ടെത്തുന്നവരുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്.
സംഘടന വിലക്കിയ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് പൃഥ്വിരാജിനെ താരസംഘടന വിലക്കുന്നത്. സത്യം എന്ന ചിത്രത്തിലായിരുന്നു സംഘടനയുടെ എതിര്‍പ്പ് മറി കടന്ന് പൃഥ്വിരാജ് അഭിനയിച്ചത്. പിന്നീട് വിനയന്റെ തന്നെ അത്ഭുതദ്വീപ് എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ചിത്രം വന്‍ വിജയമായി മാറിയതോടെ പൃഥ്വിയ്‌ക്കെതിരായ വിലക്ക് നീക്കാന്‍ സംഘടന നിര്‍ബന്ധിതരാവുകയായിരുന്നു.
കാലാന്തരത്തില്‍ മലയാള സിനിമയിലെ കരുത്തനായി മാറുകയായിരുന്നു പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത പൃഥ്വിരാജ് നിര്‍മ്മാതാവ് എന്ന നിലയിലും വിതരണക്കാരന്‍ എന്ന നിലയിലുമെല്ലാം മലയാള സിനിമയിലെ കരുത്തനായി മാറുകയായിരുന്നു. മാസ്റ്റര്‍, വിക്രം, കാന്താര, കെജിഎഫ് 2 തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ കേരളത്തിലെ വിതരണം നടത്തിയതും പൃഥ്വിരാജായിരുന്നു.
കാപ്പയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് ആയിരുന്നു സിനിമയുടെ സംവിധാനം. ജിആര്‍ ഇന്ദുഗോപന്‍ തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നിരവധി സിനിമകളാണ് പൃഥ്വിയുടേതായി അണിയറയിലുള്ളത്. ഇന്ന് പുതുവത്സരപ്പിറവിയില്‍ പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്.