രണ്ടാമതും വിവാഹം കഴിക്കുന്നത് റിസ്‌കാണ്; ദേവേട്ടനുമായിട്ടുള്ള രണ്ട് വര്‍ഷത്തെ ബന്ധത്തെ കുറിച്ച് നടി യമുന
കൊച്ചി:രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് നടി യമുന റാണിയ്ക്ക് ലഭിച്ചത്. രണ്ട് പെണ്‍മക്കളുടെ അമ്മ കൂടിയായ യമുന മകളെ കെട്ടിക്കുന്നതിന് പകരം വീണ്ടും വിവാഹം കഴിക്കാന്‍ പോയോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ അവിടെ നിന്നും കാര്യങ്ങള്‍ മാറി മറിഞ്ഞു.
ഭര്‍ത്താവ് ദേവനൊപ്പം പൊതുവേദികൡ പ്രത്യക്ഷപ്പെട്ട യമുന വിവാഹത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന പിന്തുണയും മക്കളുടെ ജീവിതത്തിലെ ഇടപെടലുകളുമൊക്കെ മാതൃകാപരമായി മാറിയതോടെ ഇരുവരും പ്രേക്ഷക പ്രശംസ നേടി.
നിലവില്‍ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി പങ്കെടുക്കുകയാണ് യമുനയും ദേവനും. ഷോ യിലേ ഏറ്റവും മികച്ച ദമ്പതിമാരായിട്ടാണ് ഇരുവരും നിലകൊള്ളുന്നത്. അതേ സമയം രണ്ടാമതും വിവാഹം കഴിക്കുക എന്നത് വലിയ റിസ്‌കുള്ള കാര്യം തന്നെയായിരുന്നു എന്ന് പറയുന്ന യമുനയുടെ വീഡിയോ വൈറലാവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.
‘ഒറ്റയ്ക്ക് പോകുമ്പോള്‍ പെട്ടെന്നാണ് ഒരാള്‍ ജീവിതത്തിലേക്ക് വരുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായതേയുള്ളു. ദേവേട്ടന്‍ വന്നിട്ട് ഇത്ര ആയതേയുള്ളുവെന്ന് ഞങ്ങള്‍ക്ക് തന്നെ അത് വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. വിവാഹ വാര്‍ഷികത്തെ കുറിച്ച് മക്കളാണ് ആദ്യം പറയുന്നത്. ഏഴാം തീയ്യതി ഏത് ദിവസമാണെന്ന് ഓര്‍മ്മയുണ്ടല്ലോ, ഷൂട്ടിങ്ങിനൊന്നും പോകരുതെന്നാണ് ഇളയമകള്‍ പറഞ്ഞത്.
അപ്പോഴാണ് കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളു എന്ന് ഞങ്ങളും ആലോചിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് എത്രയോ വര്‍ഷമായെന്നുള്ള തോന്നലാണ്. ശരിക്കും ഒരു ഗീവ് ആന്‍ഡ് ടേക്ക് റിലേഷാണ് ഞങ്ങളുടേത്. രണ്ടാം വിവാഹമെന്ന് പറയുമ്പോള്‍ തന്നെ അത് ഭയങ്കര റിസ്‌കാണ്. അത് സത്യമായിട്ടുള്ള കാര്യമാണെന്ന്’, യമുന പറയുന്നു.
ചന്ദനമഴ അടക്കം നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് യമുന റാണി. ഇപ്പോഴും ടെലിവിഷനിലും സിനിമയിലുമൊക്കെ നടി സജീവമാണ്. ആദ്യ വിവാഹബന്ധം നേരത്തെ വേര്‍പിരിഞ്ഞ യമുന രണ്ട് പെണ്‍മക്കളുടെ കൂടെ താമസിച്ച് വരികയായിരുന്നു. എന്നാല്‍ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹവേഷത്തില്‍ നില്‍ക്കുന്ന നടിയുടെ ഫോട്ടോ പുറത്ത് വന്നതോടെയാണ് യമുന രണ്ടാമതും വിവാഹിതയായോ എന്ന ചോദ്യം ഉയരുന്നത്.
ഇന്‍ഡസ്ട്രിയിലുള്ളവരെയോ കൂട്ടുകാരോടോ ഒന്നും വിവാഹത്തെ കുറിച്ച് യമുന പറഞ്ഞിരുന്നില്ല. അങ്ങനെ 2020 ഡിസംബര്‍ ഏഴിന് മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ യമുനയും ദേവനും തമ്മിലുള്ള വിവാഹം നടന്നു.
അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ നാട്ടില്‍ വന്നപ്പോഴാണ് യമുനയുമായി പരിചയത്തിലാവുന്നത്. ഒരു സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് മിനിസക്രീനിലെ ഏറ്റവും മികച്ച താരദമ്പതിമാരായി കഴിയുകയാണ് താരങ്ങള്‍.
ആദ്യ വിവാഹജീവതത്തില്‍ നിന്നും രണ്ടാമതൊരു ജീവിതത്തിലേക്ക് പ്രവേശിക്കുക എന്നത് തന്റെ മാത്രം തീരുമാനം ആയിരുന്നുവെന്നാണ് യമുന മുന്‍പും പറഞ്ഞിട്ടുള്ളത്. ദേവനുമായിട്ടുള്ള വിവാഹത്തിന് ആദ്യം പിന്തുണയുമായി മക്കള്‍ എത്തിയതോടെ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും നടി പറഞ്ഞിരുന്നു.