KeralaNews

മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; മാമോദിസ ചടങ്ങില്‍ പങ്കെടുത്ത എഴുപതോളംപേർ ചികിത്സതേടി,ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരില്‍നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകംചെയ്ത് എത്തിച്ചത്. ഏകദേശം 190 പേര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നില്‍ പങ്കെടുത്ത പലര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം.

വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ഞായറാഴ്ച തന്നെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വിരുന്ന് സംഘടിപ്പിച്ചവര്‍ പറഞ്ഞു. അതേസമയം, മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ചെങ്ങന്നൂരിലെ കാറ്ററിങ് സ്ഥാപനത്തിന്റെ പ്രതികരണം. അവിടെയൊന്നും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker