23 C
Kottayam
Wednesday, November 6, 2024
test1
test1

ഇന്നസെന്റ് പോയപ്പോൾ ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്,വൈകാരിക കുറിപ്പുമായി മമ്മൂട്ടി

Must read

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റ് ഓര്‍മ്മയായി മാറിയിരിയ്ക്കുന്നു.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.ഇന്നസെന്റിനെ ദീര്‍ഘമായ കുറിപ്പിലൂടെ ഓര്‍ക്കുകയാണ് ഉറ്റസുഹൃത്തും നടനുമായ മമ്മൂട്ടി.ഇന്നസെന്റിന്റെ മരണം സംഭവിച്ച സമയം മുതല്‍ ആശുപത്രിയിലും പൊതു ദര്‍ശനം നടന്ന കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമെല്ലാം മമ്മൂട്ടി ഏറെ നേരം ചിലവഴിച്ചിരുന്നു.

മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തൊരു വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്യം സങ്കടം തന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും. ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യൻ നമ്മളിൽ ആഴത്തിൽ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.

ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോൾ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തിൽ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേൽപ്പറഞ്ഞ എല്ലാമായിരുന്നു.
ഇന്നസെന്റിനെ ഞാൻ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തിൽ ആണ്. ചെറിയ വേഷങ്ങളിൽ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവർ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു എനിക്ക്.

വേഷങ്ങൾ തേടി നടക്കുന്ന കാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാൻ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂർവ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയിൽ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിർമ്മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാ സംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളിൽ അഭിനയിക്കാനായിരുന്നു ആഗ്രഹവും.

വാണിജ്യവിജയം നേടുന്ന സിനിമകളേക്കാൾ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടി വന്നത്. കെ.ജി.ജോർജ് ആയിരുന്നു സംവിധായകൻ. സിനിമ പശ്ചാത്തലമായ കഥയിൽ പ്രേംസാഗർ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്. തുടർന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാൻ പ്രൊഫസർ മോഹൻദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്.

തനി തൃശ്ശൂർഭാഷ സംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാൾക്കുനാൾ വളർന്നു. താരതമ്യേന ജൂനിയറായ ഞാൻ ഇന്നസെന്റുൾപ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളിൽ കാഴ്ചക്കാരനും കേൾവിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതൽ നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങി. ജോൺപോളിന്റെ തിരക്കഥയിൽ ഞാനും മോഹൻലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ അനിരുദ്ധൻ എന്ന സെയിൽസ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്. തൃശ്ശൂർക്കാരനായ ലോനപ്പൻചേട്ടൻ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാൻ ആരുണ്ടെന്ന ആലോചനകൾക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓർമിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീൻ പൊലിപ്പിച്ചെടുത്തു.

ഒന്നിച്ചുള്ള ആദ്യ സീൻ പിന്നീട് എത്രയോ അധികം സിനിമകളിൽ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ൽ അമ്മ സംഘടന രൂപവത്കരിക്കുമ്പോൾ ഇന്നസെന്റ് മുൻനിരയിലുണ്ടായിരുന്നു. പിന്നീട് ഭരണസമിതി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോൾ തീർത്തും ലളിതമായി അത് കൈകാര്യം ചെയ്യാൻ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധ കവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത്.

ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാൾ പൊട്ടിച്ചിരിച്ചാൽ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേൾക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങൾ മാറും. എന്നോടു പറയുമ്പോൾ ഞാനും മോഹൻലാലിനോട് പറയുമ്പോൾ ലാലുമായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു.

നടൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങൾ മനസിലെത്തും. ഞങ്ങൾ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓർമവരും. അപ്പോൾ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാൻ ഇന്നസെന്റിനെ വിളിച്ചിരുന്നു…..അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്.

എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാൾക്ക് പലതാകാൻ പറ്റില്ല. അയാൾ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങൾ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാൻ എത്തിയതും. ഉള്ളിൽ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ഒരു മനുഷ്യന് എന്ത് സമ്പാദിക്കാൻ…!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.