മുംബൈവർഷങ്ങളായി തുടർന്ന ഒരു വാട്സാപ്പ് പോരായ്മക്ക് പരിഹാരമുണ്ടാക്കി മെറ്റ. ഒരു നമ്പർ സേവ് ചെയ്താൽ മാത്രമേ ആ നമ്പരിലേക്ക് സന്ദേശം അയക്കാൻ കഴിയുമായിരുന്നുള്ളൂ. മെസേജിംഗ് ആപ്പ് തുടങ്ങി 15 വർഷങ്ങൾക്ക് ശേഷം ആ പോരായ്മ മറികടക്കുകയാണ് കമ്പനി. വരുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ഇനി മുതൽ വാട്സാപ്പിൽ സന്ദേശമയക്കാൻ നമ്പറിൻ്റെ ആവശ്യമില്ല.
യൂസർ നെയിം സംവിധാനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. യൂസർ നെയിം കൈമാറിയാൽ അതുപയോഗിച്ച് ഇനി മുതൽ ആശയ വിനിമയം സാധ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. അടുത്തുതന്നെ അപ്ഡേറ്റ് എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.24.18.2 ൽ ഈ സൗകര്യം ലഭ്യമാണ്.
പിൻ നമ്പർ വഴിയുള്ള കൂടുതൽ സുരക്ഷിതത്വവും പുതിയ അപ്ഡേറ്റിൽ ലഭ്യമാകും. യൂസർനെയിമിനൊപ്പം പിൻനമ്പർ കൂടി ചേർത്താണ് ഈ സംവിധാനം ഒരുക്കുന്നത്. നിങ്ങളുടെ നാലക്ക പിൻനമ്പർ അറിയുന്നവർക്ക് മാത്രമേ നിങ്ങൾക്ക് സന്ദേശം അയയ്ക്കാൻ കഴിയുകയുള്ളു. ഉപയോക്താക്കൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ഈ ഫീച്ചർ ഉപയോഗിച്ചാൽമതി.