KeralaNews

പുറത്തിറങ്ങിയാല്‍ അറസ്റ്റ്, കര്‍ശന പരിശോധന; എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായ സമയം നേരത്തെ കാസര്‍കോട് ഏര്‍പ്പെടുത്തിയതുപോലുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. മൂന്ന് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുന്നത്.

1. തീവ്ര രോഗബാധിത മേഖലയില്‍ പുറത്തുനിന്നും ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ഘട്ടം. ഇവിടെ വാഹന ഗതാഗതത്തിനും പൊതുജന സഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രധാന പാതകളിലെല്ലാം ചെക്ക്‌പോസ്റ്റ് പരിശോധന ഉണ്ടാവും. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍ വിവിധ സോണുകളായി തിരിക്കും. ഇവിടെ പുറത്തേക്കോ അകത്തേക്കോ ആളുകളെ കടത്തി വിടില്ല. നിയന്ത്രണങ്ങളുടെ ചുമതല സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡ്രോണ്‍ വഴി പരിശോധന നടത്തും. അവശ്യ സേവനങ്ങള്‍ എത്തിക്കാന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും.

3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും പുറത്ത് നിന്നുള്ളവര്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യാന്‍ വീടുകള്‍ തോറും പരിശോധന. 10 വീടുകള്‍ക്ക് ഒരു പൊലീസുകാരന്‍. ഓരോ വീട്ടിലും ദിവസം മൂന്ന് പ്രാവശ്യം പരിശോധനയ്ക്ക് എത്തും. 25-30 വീടുകള്‍ വീതം നൈറ്റ് പെട്രോളിങ് ഉണ്ടാവും. ക്വാറന്റൈന്‍ ലംഘിച്ചാല്‍ കൊവിഡ് കെയര്‍ സെന്ററിലാക്കും ക്രിമിനല്‍ കേസുമെടുക്കും. കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമായിരിക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു പ്രദേശത്തുനിന്ന് പുറത്തു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ഡൗണ്‍ എന്ന് പറയുന്നത്.

ആവശ്യസര്‍വീസുകള്‍ പ്രവര്‍ത്തിക്കും. പലചരക്ക്, പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫിസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണില്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇതിനാവില്ല.

ട്രിപ്പിള്‍ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ബാധിക്കില്ല. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കില്ല. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ടാക്‌സികള്‍ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിങ്ങും സാധിക്കും. ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ സേവന കടകള്‍ തുറക്കും. ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും. ചരക്ക് വാഹനങ്ങള്‍ക്കും അനുമതി നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button