NationalNews

ശരീരമാസകലം മുറിവ്, കഴുത്തിൽ കടിയേറ്റ പാട്; നടന്നത് കൂട്ടബലാത്സംഗമെന്ന് വനിതാഡോക്ടറുടെ മാതാപിതാക്കൾ

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം. മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കൂട്ടബലാത്സംഗം ഉള്‍പ്പെടെ സംശയിക്കുന്നതായി പറഞ്ഞത്. മകള്‍ക്ക് നേരേ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു.

ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികാതിക്രമം നടന്നതിനും തെളിവുകളുണ്ട്. മകളുടെ മൃതദേഹത്തില്‍ ഒട്ടറെ മുറിവേറ്റ പാടുകളുണ്ട്. അതിക്രൂരമായ ആക്രമണം നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തലയുടെ പല ഭാഗങ്ങളിലും കടുത്ത ആഘാതമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. ഇരുചെവികളിലും മുറിവുകളുണ്ടായിരുന്നു. ചുണ്ടിലും മുറിവേറ്റു. ശക്തമായ മല്‍പ്പിടിത്തം നടന്നതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണമാണിത്. ഇതിനുപുറമേ കഴുത്തില്‍ കടിച്ചുപരിക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ട്.

മൃതദേഹത്തില്‍നിന്ന് 150 മില്ലിഗ്രാം ശുക്ലം ലഭിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത്രയും കൂടിയ അളവുള്ളതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്നും അതിനാൽ കൂട്ടബലാത്സംഗം സംശയിക്കുന്നതായും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറഞ്ഞു.

ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്ത കുറ്റകൃത്യമല്ല. മകള്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് കൃത്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ പിടികൂടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും മാതാപിതാക്കള്‍ കഴിഞ്ഞദിവസം കോടതിയില്‍ ആരോപിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനകളുണ്ടെന്നായിരുന്നു ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്ടേഴ്‌സ് അസോസിയേഷന്‍ അഡീ. ജനറല്‍ സെക്രട്ടറി ഡോ. സുബര്‍ണ ഗോസ്വാമിയുടെയും പ്രതികരണം. ഇത് ചെയ്തത് ഒരാള്‍ മാത്രമല്ലെന്നാണ് മൃതദേഹത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്നും ഇത്രയും ഉയര്‍ന്ന അളവില്‍ ശുക്ലം കണ്ടെത്തിയതിനാല്‍ മറ്റുചിലരുടെ ഇടപെടലും സംശയിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

സി.ബി.ഐ. അന്വേഷണം… കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. കേസില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതി സഞ്ജയ് റോയിയെ സി.ബി.ഐ. സംഘം ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങി. മെഡിക്കല്‍, ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സി.ബി.ഐ. അന്വേഷണം നടത്തുന്നത്. ഇതില്‍ ഒരു സംഘം ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിലും ആശുപത്രിയിലും വിശദമായ പരിശോധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker