ജിമ്മിൽ വ്യായാമത്തിനിടെ ജൂനിയർ എൻടിആറിന് പരിക്ക്

ഹൈദരാബാദ്‌:ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടൻ ജൂനിയർ എൻ.ടി.ആറിന് പരിക്ക്. ഇടത് കണങ്കൈയ്ക്കാണ് പരിക്കേറ്റത്. പുതിയ ചിത്രമായ ദേവര: പാർട്ട്-1 ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിനുപിന്നാലെയാണ് എൻ.ടി.ആറിന് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിറക്കി.

ജിമ്മിൽ വ്യായാമംചെയ്യുന്നതിനിടെ ജൂനിയർ എൻ.ടി.ആറിന്റെ കൈക്ക് ചെറിയൊരു പരിക്കുപറ്റിയെന്ന് പ്രസ്താവനയിൽ പറയുന്നു. ഒരു കാസ്റ്റ് ഉപയോ​ഗിച്ച് അദ്ദേഹത്തിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ജൂനിയർ എൻ.ടി.ആർ ദേവരയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. താരം സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി അദ്ദേഹം വൈകാതെതന്നെ തിരിച്ചെത്തും. പരിക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ആരും വിശ്വസിക്കരുതെന്നും അവ തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.

ജൂനിയർ എൻ.ടി.ആറിന്റെ കൈയുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. കൊരട്ടാല ശിവയും എൻ.ടി.ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന ചിത്രത്തിൽ വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News