മുഹൂര്‍ത്തത്തിന് തൊട്ടു മുമ്പ് വധുവും വരനും കടലില്‍ ചാടി! 60 അടി താഴ്ചയില്‍ വെള്ളത്തിനടിയില്‍ താലികെട്ട്!!!

ചെന്നൈ: വിവാഹവും വിവാഹ ഫോട്ടോഷൂട്ടും വ്യത്യസ്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഈ രീതിയില്‍ ഒരു വിവാഹം ഇന്ത്യയില്‍ അധികമാരും ചിന്തിച്ചെന്ന് വരില്ല. ചെന്നൈയിലെ നീലന്‍കാരായി തീരത്തുവെച്ച് തമിഴ്നാട്ടുകാരായ വി ചിന്നദുരൈയും വധു എസ് ശ്വേതയും വിവാഹിതരായത് വെള്ളത്തിനടിയില്‍ 60 അടി താഴ്ചയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30 യ്ക്ക് നീലന്‍കാരായി തീരത്ത് കടലിനടിയില്‍ എല്ലാ ആചാരങ്ങളോടും കൂടി ചിന്നദുരൈ ശ്വേതയുടെ കഴുത്തില്‍ താലി കെട്ടി.

സോഫ്റ്റ്വേര്‍ എഞ്ചിനീയറും അംഗീകൃത സ്‌കൂബാ ഡൈവറുമാണ് വരന്‍ ചിന്നദുരൈ. വധു ശ്വേത എഞ്ചിനീയറും സ്‌കൂബ ഡൈവിംഗ് പരിശീലനം നേടുന്നയാളും. തങ്ങളുടേത് പാരമ്പര്യ വിധി പ്രകാരമുള്ള വിവാഹമായിരുന്നു, പക്ഷേ നടന്നത് കടലിനടിയിലാണെന്ന് മാത്രം. പുലര്‍ച്ചെ വിവാഹ ചടങ്ങുകളെല്ലാം വിധിപ്രകാരം ക്രമീകരിച്ച ശേഷം താലികെട്ടേണ്ട മുഹൂര്‍ത്ത സമയത്ത് കടലിലേക്ക് ചാടി. ചിന്നദുരൈ പറഞ്ഞു.

വരന്‍ ലൈസന്‍സോട് കൂടിയ സ്‌കൂബ ഡൈവര്‍ ആണെങ്കിലും വധു ഒരു മാസം മുമ്പ് മാത്രം പരിശീലനം നേടിയയാളാണ്. വിവാഹ ദിവസത്തിന് വേണ്ടി മാത്രമാണ് ശ്വേത പരിശീലനം നേടിയത്. മാതാപിതാക്കള്‍ കൂടി നിന്നതിനാല്‍ അല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നതായി ശ്വേത പറയുന്നു. എന്നിരുന്നാലും മറ്റ് എട്ട് ഡൈവര്‍മാരും സുരക്ഷിതത്വത്തിനായി ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു.

വിവാഹ വേഷത്തിന് പുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചായിരുന്നു ഇരുവരും കടലിലിറങ്ങിയത്. ചിന്നദുരൈ വേഷ്ടിയിലും ശ്വേത കല്യാണ സാരിയലുമായിരിന്നു. ചടങ്ങ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. താലികെട്ട് പൂര്‍ത്തിയാക്കി ഇരുവരും കരയ്ക്ക് കയറി ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അതേസമയം ഈ രീതിയില്‍ മറ്റ് രണ്ടു വിവാഹങ്ങള്‍ കൂടി ഉടന്‍ നടക്കും. ഒരെണ്ണം ചെന്നൈയില്‍ ഈ മാസം തന്നെ നടക്കുമ്പോള്‍ മറ്റൊന്ന് മാര്‍ച്ചില്‍ പോണ്ടിച്ചേരിയിലാണ് നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News