ചെറുപുഴ∙ പാടിയോട്ടുചാലിൽ കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, ശ്രീജ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ച് മരിക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു.
ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നാണു ശ്രീജ പറഞ്ഞത്. ഇതോടെ പൊലീസ് സംഘം സ്ഥലത്തേക്കു കുതിച്ചു. ഇതിനിടെ പൊലീസ് നാട്ടുകാരെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാരും പൊലീസും എത്തുമ്പോള്‍ അഞ്ചു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചംഗ കുടുംബത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും അയല്‍വാസികളും. തങ്ങളുടെ വീട്ടില്‍ കളിക്കാനെത്തിയിരുന്ന മൂന്നു കുട്ടികളെ മരിച്ച നിലയില്‍ കണ്ടതോടെ അയല്‍വാസികള്‍ക്കു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.
ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു കുട്ടികളെ കൊന്നശേഷം യുവതിയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക വിവരം. പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ വാച്ചാലിൽ മുളപ്രവീട്ടിൽ ഷാജി (40), നകുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരാണ് മരിച്ചത്.
ശ്രീജയുടെ രണ്ടാമത്തെ ഭർത്താവാണ് ഷാജി. ശ്രീജയുടെയും ഷാജിയുടെയും രണ്ടാം വിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് വിവാഹിതരായത്. ആദ്യഭർത്താവ് സുനിലിന്റെയും ശ്രീജയുടേയും പേരിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ആദ്യഭർത്താവ് മറ്റൊരിടത്തായിരുന്നു താമസം.
വീട് തന്റേതാണെന്നും ശ്രീജയേയും ഭർത്താവിനെയും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബ പ്രശ്നം തീർക്കാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീജയോടും ഷാജിയോടും ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നപരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്താനും പൊലീസ് തീരുമാനിച്ചു.
ഇതിനിടെയായിരുന്നു അഞ്ചുപേരുടെയും മരണം. മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ശ്രീജ ഗർഭിണിയായിരുന്നുവെന്നും വിവരമുണ്ട്.