വത്തിക്കാന്‍ സിറ്റി: ഓണ്‍ലൈനില്‍ അശ്ലീലവീഡിയോകളും മറ്റും കാണുന്നതിന്റെ അപകടത്തെക്കുറിച്ച് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന സെഷനില്‍ ഡിജിറ്റല്‍-സാമൂഹികമാധ്യമങ്ങള്‍ എങ്ങനെ നല്ലരീതിയില്‍ ഉപയോഗിക്കാമെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മാര്‍പാപ്പ ഇക്കാര്യവും പറഞ്ഞത്.
പുരോഹിതരും കന്യാസ്ത്രീകളും അടക്കം നിരവധിപേര്‍ക്ക് അശ്ലീലവീഡിയോകള്‍ കാണുന്ന ദുശ്ശീലമുണ്ട്. അശ്ലീലവീഡിയോകള്‍ കാണുന്നത് പൗരോഹത്യ മനസ്സുകളെ ദുര്‍ബലപ്പെടുത്തും. സാത്താന്‍ പ്രവേശിക്കുന്നത് അവിടെനിന്നാണ്. ദിവസവും യേശുവിനെ സ്വീകരിക്കുന്ന നിര്‍മ്മല ഹൃദയത്തിന് അശ്ലീലസാഹിത്യവും അത്തരത്തിലുള്ള വിവരങ്ങളും ഒരിക്കലും സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം പുരോഹിതരോട് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കണം. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കരുത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഫോണില്‍നിന്ന് ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ കൈയില്‍ പ്രലോഭനമുണ്ടാകില്ലെന്നും മാര്‍പാപ്പ പറഞ്ഞു.