കാസര്‍കോട്: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നാരംഭിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് യാത്ര. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
2017 ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വാളയാര്‍ സഹോദരിമാരുടെ ഘാതകരെ നിയമത്തിന്റ മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് കുട്ടികളുടെ അമ്മ യാത്ര നടത്തുന്നത്. സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തിന് പകരം പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് അമ്മ. 140 നിയോജക മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം ഉണ്ട്. നീതി നിഷേധം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ച് ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ എന്തിനാണ് ഭരണം എന്തിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ നീതിയാത്രയില്‍ ഉന്നയിക്കും. കേസില്‍ തലമുണ്ഡനം ചെയ്ത് പെണ്‍കുട്ടികളുടെ അമ്മ പ്രതിഷേധിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആര്‍എം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തകയും കവയിത്രിയുമായ ബിന്ദു കമലന്‍ എന്നിവരും തല മുണ്ഡനം ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി പാലക്കാട് എം.പി രമ്യ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും എത്തി.<.p>
അതേസമയം വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. എഫ്‌ഐആറും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ല. തുടരന്വേഷണമോ, പുനരന്വേഷണമോ എന്ന് കൃത്യമായി വ്യക്തമാക്കണം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക് ഗുണമാകുമെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇല്ലാതെ തന്നെ പല കേസുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടിളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.