തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചതിന്റെ പേരില്‍ സ്‌കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതായി ആരോപണം. കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്‌കൂളിനു മുന്നിലെ വെയിറ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തിലാണ് പോലീസിന്റെ നിഗമനം. ബസില്‍ വന്നിറങ്ങിയ ഒരാളാണ് ബോംബ് എറിഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വെയിറ്റിങ് ഷെഡിന് മുന്നിലിരുന്ന കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയയാളുടെ വേഷവിധാനത്തെ കളിയാക്കിയിരുന്നു. ഇതാണ് പ്രകോപനകാരണമായതെന്നാണ് കണ്ടെത്തല്‍. വെയിറ്റിങ് ഷെഡിന് നേര്‍ക്ക് പെട്രോള്‍ ബോംബ് എറിഞ്ഞെങ്കിലും ഈ സമയം കുട്ടികള്‍ ഷെഡിന് വെളിയിലായിരുന്നു.
ഈ സംഭവത്തിന് കുറച്ചു സമയം മുമ്പ് വിദ്യാര്‍ത്ഥികള്‍ രണ്ടായി തിരിഞ്ഞ് റോഡില്‍ അടികൂടിയിരുന്നു. അധ്യാപകരെത്തിയാണ് ഇവരെ ശാന്തരാക്കിയത്. ഇതിന് പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായത്.
അതേസമയം, കഞ്ചാവ് സംഘങ്ങളുമായി ബോംബ് എറിഞ്ഞയാള്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാട്ടാക്കടയിലേയും നെയ്യാര്‍ഡാമിലേയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.