മദ്യപിച്ചെത്തി വഴക്ക്; തൃശൂരില്‍ യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി

തൃശൂര്‍: തൃശൂരില്‍ യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടി. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ കെ.ജെ. സാബു(24)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക്തര്‍ക്കത്തിനൊടുവില്‍ ബാബുവിനെ സാബു കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് വീടിന് 300 മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കുഴിച്ചിട്ടു.

രണ്ട് ദിവസം മുന്‍പ് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇവരുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം കുഴിച്ചിടാന്‍ അമ്മ സഹായിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News