KeralaNews

ആറു മാസം കാത്തിരിക്കൂ; കോണ്‍ഗ്രസിലെ മാറ്റം കാണാമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാറ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആറു മാസം കാത്തിരുന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മാറ്റം കാണാമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച് ഇനി ഒന്നും പറയാനില്ല. പറഞ്ഞയാനുള്ളതു പറഞ്ഞു, അതിനു മറുപടിയും വന്നു കഴിഞ്ഞു.

ആ ചര്‍ച്ച ഇനി അവസാനിപ്പിക്കാം. പാര്‍ട്ടിക്കു താങ്ങും തണലും ആവേണ്ട മുതിര്‍ന്ന നേതാക്കള്‍ ഇനിയും പരസ്യ പ്രതികരത്തിനു മുതിരുന്നത് ശരിയാണോയെന്ന് അവര്‍ തന്നെ ആലോചിക്കട്ടെ- സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ പാര്‍ട്ടിക്കു താങ്ങും തണലുമായി എന്നും ഉണ്ടാവണമെന്നാണ് ആഗ്രഹം. അത് അങ്ങനെ തന്നെ തുടരുന്നതിനുള്ള സഹകരണം അവരോട് അഭ്യര്‍ഥിക്കുകയാണ് ചെയ്യുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

കെപിസിസി പുനസംഘടനയ്ക്ക് കുറച്ചുകൂടി സമയം എടുക്കും. നേരത്തെ ഉണ്ടായിരുന്നതു പോലെ രണ്ടു ചേരിയും തരുന്ന പട്ടിക സംയോജിപ്പിച്ച് ഭാരവാഹികളെ പ്രഖ്യാപിക്കുന്ന രീതിയല്ല ഇപ്പോള്‍. കഴിവുള്ള ആളുകളെ കണ്ടെത്താന്‍ സമയമെടുക്കും- സുധാകരന്‍ പറഞ്ഞു. പാലക്കാട്ടെ എവി ഗോപിനാഥ് തനിക്ക് വളരെയധികം വ്യക്തിബന്ധമുള്ള നേതാവാണ്. അദ്ദേഹം തന്നെ കൈവിടുമെന്ന് കരുതുന്നില്ല. പാലക്കാട്ടെ പാര്‍ട്ടിയിലുള്ള പ്രത്യേക സാഹചര്യം മൂലമാണ് ഗോപിനാഥ് പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചത്.

അദ്ദേഹത്തെ സംസാരിച്ചു തിരികെ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷ.പിണറായി വിജയന്റെ ചെരുപ്പു നക്കേണ്ടി വന്നാല്‍ നക്കുമെന്ന് ഗോപിനാഥിന്റെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സുധാകരന്റെ പ്രതികരണം ഇങ്ങനെ: ” അത് അനില്‍ അക്കരെ എഴുതിയതിനുള്ള മറുപടിയായി പറഞ്ഞതാണ്. അദ്ദേഹത്തെക്കുറിച്ച് എഴുതാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അനില്‍ അക്കരെ എഴുതിയത്”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button