അജാസ് വടക്കേടം
കോട്ടയം – എറണാകുളം റെയിൽ യാത്രാപ്രതിസന്ധിയ്ക്ക് പരിഹാരം തേടി യാത്രക്കാരുടെ കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ ഇന്ത്യൻ റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റി അംഗമായ ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണനെ സമീപിച്ചു. 24 അംഗങ്ങൾ ഉള്ള ഔദ്യോഗിക കമ്മറ്റിയിലെ കേരളത്തിൽ നിന്നുള്ള ഏക സാന്നിധ്യമാണ് ശ്രീ ഏറ്റുമാനൂർ രാധാകൃഷ്ണൻ.
ഓഫിസ് ജീവനക്കാർ ആശ്രയിക്കുന്ന വേണാട്, വഞ്ചിനാട്, പരശുറാം,ഇന്റർസിറ്റി ഉൾപ്പടെയുള്ള ട്രെയിനുകളിൽ അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക, ആശാസ്ത്രീയമായി പുതുക്കിയ സമയക്രമം പുന:പരിശോധിക്കുക, പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പേജ് പരിഗണിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോട്ടയം -എറണാകുളം റൂട്ടിലെ സ്ഥിരയാത്രക്കാരായ മുന്നൂറിലധികം ആളുകൾ ഒപ്പിട്ട ഭീമഹർജിയാണ് ‘ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ സമർപ്പിച്ചത്.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഐ. റ്റി മേഖലയിലെ സിംഹഭാഗം ജീവനക്കാരും ദിവസേന എറണാകുളത്തേക്ക് ജോലിക്ക് പോയി മടങ്ങുവാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്സ്. ഒരു ദിവസം റിസർവേഷൻ ചാർജുകളും IRCTC സർവീസ് ചാർജുകളും അടക്കം നല്ല ഒരു തുക തന്നെ ഇപ്പോൾ യാത്രയ്ക്കായ് മാറ്റി വെയ്ക്കേണ്ടി വരുന്നുണ്ട്. മാസവരുമാനം ഇരുപതിനായിരത്തിൽ താഴെയുള്ള ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ യാത്രക്കാരെ സംബന്ധിച്ചടുത്തോളം ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ ടിക്കറ്റ് ചാർജിനേക്കാൾ പത്തിരട്ടിയോ അതിലധികമോ പിഴ ചുമത്തിയാണ് ഇപ്പോൾ റെയിൽവേ യാത്ര അനുവദിക്കുന്നത്.കോവിഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ റെയിൽവേയുടെ നടപടി പകൽ കൊള്ളയാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു.
ഓൺ ലൈൻ വഴി ആറു ടിക്കറ്റ് മാത്രമാണ് ഒരാൾക്ക് ഒരു മാസം അനുവദിച്ചിട്ടുള്ളത്. ഇതുമൂലം യാത്രക്കാർ മറ്റു മാർഗ്ഗങ്ങളെ ആശ്രയിക്കാൻ നിർബന്ധിതമായിരിക്കുകയാണ്. കോവിഡ് അനന്തരം മറ്റു ഗതാഗത മാർഗ്ഗങ്ങൾ സാധാരണ ഗതിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇളവുകൾ ഒന്നും നൽകാതിരുന്ന റെയിൽവേ ഇപ്പോൾ നഷ്ട കണക്കുകൾ നിരത്തുകയാണ്.
കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണം. അതുപോലെ തന്നെ ആശാസ്ത്രീയമായി പുതുക്കിയ സമയക്രമവും യാത്രക്കാർക്ക് അനുകൂലമല്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു. പുതുതായി അനുവദിച്ചിരിക്കുന്ന മെമു തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം എത്താൻ ഒരു മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്. 07.30 ന് എറണാകുളം ജംഗ്ഷനിൽ എത്തുന്ന വിധമാണ് നിലവിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. ഒൻപതു മണിക്ക് ഓഫീസിൽ എത്തേണ്ട ഒരാളെ സംബന്ധിച്ച് ഇത് വളരെ നേരത്തെയാണ്. പഴയ പാസഞ്ചറിന്റെ സമയമായിരുന്നു യാത്രക്കാർക്ക് ഏറെ അനുയോജ്യമായിരുന്നത്. കൊല്ലത്ത് നിന്ന് നാലുമണിക്ക് എടുക്കുന്ന ട്രെയിൻ ഓഫീസ് ജീവനക്കാർക്ക് അനുകൂലമല്ല. അഞ്ചുമണിക്ക് എടുത്താലും എറണാകുളം ജംഗ്ഷനിൽ മെമു 08.30 ന് എത്തിച്ചേരുന്നതാണ്. രാവിലെ തന്നെ വീട്ടിലെ ജോലികൾ തീർത്ത് ഓഫീസിലേയ്ക്ക് തിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചടുത്തോളം മെമു അനുവദിച്ചത് അനുഗ്രഹമല്ല, ദ്രോഹമാണ്.
ചെന്നെ മെയിലിന്റെ കോട്ടയം സമയം 08 20 എന്നുള്ളത് 08.00 ആക്കിയത് കാരണം വേണാട് ചിങ്ങവനത്ത് അരമണിക്കൂറിലധികം പിടിച്ചിടുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. തന്മൂലം എറണാകുളത്ത് പഞ്ചിങ് സമയം പാലിക്കാൻ കഴിയാതെ പലരുടെയും പകുതി സാലറി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകൾക്ക് ആശാസ്ത്രീയ ക്രോസ്സിംഗ് ഒഴിവാക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
ഏറ്റുമാനൂർ യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പാലരുവിയ്ക്ക് ഒരു മിനിറ്റ് സ്റ്റോപ്പേജ് എന്നത്.പുതിയ റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റിയിലേയ്ക്ക് കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി ആദ്യമായി ഒരു ഏറ്റുമാനൂരുകാരൻ സ്ഥാനമേൽക്കുമ്പോൾ തന്റെ നാടിന്റെ പ്രശ്‌നത്തിന് പ്രഥമ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ