വാഗമണ്‍ നിശാപാര്‍ട്ടി; യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം, പാര്‍ട്ടി സംഘടിപ്പിച്ചത് വാട്‌സ്ആപ്പ് കൂട്ടായ്മ വഴി

വാഗമണ്‍: വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്‍മാനും ചേര്‍ന്നെന്ന് പോലീസ്. ‘ആഡ്രാ ആഡ്രാ’ എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.

കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറാണെന്നും പോലീസ് കണ്ടെത്തി. സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. യുവനടി പാര്‍ട്ടിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് റെയ്ഡ് നടന്നതെന്നും വിവരം.

അതേസമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ 49 പേരെ പോലീസ് വിട്ടയച്ചു. ഇവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡില്‍ ഉള്ള പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News