27.8 C
Kottayam
Wednesday, May 8, 2024

മതം പറഞ്ഞ് വോട്ടുചോദിച്ചു; മാപ്പുപറയിച്ച് നാട്ടുകാര്‍

Must read

മലപ്പുറം: മതം പറഞ്ഞ് വോട്ടുചോദിച്ചയാളെ കൊണ്ട് മാപ്പുപറയിച്ച് നാട്ടുകാര്‍. മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ലീഗ് പ്രവര്‍ത്തന്‍ ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തി പറയുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്‌കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പുപറയിച്ചു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ ‘അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂവെന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്തിനാണ് അങ്ങനെ പറയുന്നത്. കുഞ്ഞാപ്പു നിസ്‌കരിക്കും, അറുമുഖം നിസ്‌കരിക്കില്ലെന്നും പറഞ്ഞു, ഞാനും മുസ്ലിമാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നനാണ്. നിസ്‌കാരത്തഴമ്പുണ്ട്, മനുഷ്യരെ മനുഷ്യരായി കാണൂ’വെന്നും ഒരാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പ്രദേശത്ത് പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖനെന്നും എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

അതേസമയം സംഭവത്തില്‍ സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി. മതവിദ്വേഷം പ്രചരിപ്പിച്ച് വോട്ടു പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. അതേസമയം ഇത്തരത്തില്‍ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലിം ലീഗുമായി ബന്ധമില്ലെന്നും ഇയാളെ മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week