28.4 C
Kottayam
Thursday, May 30, 2024

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ മാറ്റം; ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

Must read

തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയുടെ രീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയർസെക്കൻഡറിയിലേതുപോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം. പേപ്പർ മിനിമം രീതി നടപ്പിലായാൽ എഴുത്തു പരീക്ഷയിൽ വിജയിക്കാൻ ഓരോ പേപ്പറിനും നിശ്ചിത മാർക്ക് വേണ്ടി വരും.

40 മാർക്ക് ഉള്ള വിഷയത്തിന് എഴുത്തു പരീക്ഷയിൽ വിജയിക്കണമെങ്കിൽ മിനിമം 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും എന്നിട്ടാവും അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

2023 – 2024 അധ്യയനവർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. 99.69 ശതമാനമാണ് ഈ വർഷത്തെ വിജയ ശതമാനം. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

71,831 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. 4,25,563 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 94 പേർ എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതി. ഇതിൽ 66 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.92 ശതമാനം വിജയത്തോടെ കോട്ടയം ജില്ല വിജയ ശതമാനം കൂടിയ റവന്യൂ ജില്ലയായി. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരമാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 4934 പേരാണ് മലപ്പുറത്ത് എ പ്ലസ് നേടിയത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം തന്നെ ആയിരുന്നു.

ഗൾഫ് സെന്റർ യോഗ്യത നേടിയത് 516 വിദ്യാർത്ഥികളാണ്. 96.81ആണ് വിജയശതമാനം. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 285 പേർ പരീക്ഷ എഴുതി, ഇതിൽ 277 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം – 97.19.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week