27.8 C
Kottayam
Friday, May 31, 2024

ഐ.എ.എസ് ഉദ്യോഗസ്ഥയെ ഫോണില്‍ ശല്യം ചെയ്തു;ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

Must read

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയെ രാത്രി ഫോണിൽ ശല്യം ചെയ്ത റവന്യൂ ഡിവിഷണൽ ഓഫീസിലെ ക്ലാർക്കിന് സസ്‌പെൻഷൻ. മേലുദ്യോഗസ്ഥക്കെതിരെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങൾ അയച്ചതിനാണ് ക്ലാർക്ക് ആർ.പി സന്തോഷ് കമാറിനെ സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്ത് ഉത്തരവിട്ടത്. സന്തോഷ് കുമാർ സന്ദേശം അയച്ചത് സംബന്ധിച്ച് തിരുവനന്തപുരം സബ് കലക്ടർ അശ്വതി ശ്രീനിവാസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് മെയ് ഏഴിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി.

ഐഎഎസ് ഉദ്യോഗസ്ഥയുടെ ഗുരുതര സ്വഭാവമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി വൈകി നിരവധി തവണ ശല്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥ സന്തോഷിന് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വാട്സ്ആപ്പിൽ സന്ദേശം അയച്ചു. ലൈംഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥ ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്.

മെയ് ആറിന് രാത്രി 11 മണിക്കും മെയ് ഏഴിന് രാവിലെ എട്ട് മണിക്കും ഇടയിൽ നിരവധി തവണയാണ് സന്തോഷ് ഐഎഎസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചത്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥ ഇനി വിളിക്കരുതെന്ന് സന്തോഷിനെ താക്കീത് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷവും സന്തോഷ് തുടർച്ചയായി വിളിച്ചു. ഔദ്യോഗിക പദവിക്ക് നിരക്കാത്ത തരത്തിൽ വാട്‌സ്ആപ്പിൽ ഇയാൾ സന്ദേശങ്ങളും അയച്ചു.

തുടർന്ന് യുവ ഐഎഎസ് ഓഫീസറായ പരാതിക്കാരി രേഖാമൂലം പരാതി നൽകുകയായിരുന്നു. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് വകുപ്പുതലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. സസ്‌പെൻഷൻ എത്ര കാലത്തേക്കെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഉപജീവനബത്ത സന്തോഷ് കുമാറിന് സസ്‌പെൻഷൻ കാലയളവിൽ ലഭിക്കും. 2019 കേരള കേഡർ ഐഎഎസ് ഓഫീസറാണ് പരാതിക്കാരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week