KeralaNews

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞു;ഒരാള്‍ മരിച്ചു, മൂന്ന് പേരെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വള്ളം മറിഞ്ഞ് കാണാതായ നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പുതുക്കുറുച്ചി സ്വദേശി ആന്റണിയുടെ വളളമാണ് മറിഞ്ഞത്. തീരത്തോടടുക്കവെ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

തുടര്‍ച്ചയായി വള്ളം മറിഞ്ഞ് അപകടം പതിവാകുന്ന മുതലപ്പൊഴി അഴിമുഖത്തെ ആഴക്കുറവ് തിരിച്ചറിയാന്‍ ഉടന്‍ ബോയകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇതിലൂടെ അപകടങ്ങള്‍ ലഘൂകരിക്കാമെന്നാണ് കരുതുന്നത്. തുറമുഖ, ഫിഷറീസ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. ഇതോടെ മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് ബോയകളുള്ള ഭാഗം ഒഴിവാക്കി കടലിലേക്ക് പോകാനും വരാനും സാധിക്കും.

മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ അദാനി തുറമുഖ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ കാലാവധി അടുത്ത മെയ് വരെയുണ്ടെങ്കിലും ഡ്രജിങ് ഉള്‍പ്പെടെ നടത്താന്‍ തുറമുഖ കമ്പനി വീഴ്ച വരുത്തിയതായി യോഗം വിലയിരുത്തി. അഴിമുഖത്തെ പാറയും മണലും ഉടന്‍ നീക്കാന്‍ അധികൃതരോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. അഴിമുഖത്ത് അഞ്ചുമീറ്റര്‍ ആഴം ഉടന്‍ ഉറപ്പാക്കണമെന്നും ആവശ്യം ഉയര്‍ന്നു. സെപ്റ്റംബറോടെ അഴിമുഖത്തെ കല്ല് നീക്കംചെയ്യാനും മണല്‍ നീക്കി അഞ്ചുമീറ്റര്‍ ആഴം ഉറപ്പാക്കാനുമുള്ള പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് തുറമുഖ കമ്പനി പ്രതിനിധികള്‍ ഉറപ്പുനല്‍കി.

പുണെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാശ്വതമായ പരിഹാര നടപടികള്‍ അധികം വൈകാതെ മുതലപ്പൊഴിയില്‍ നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഈ ഡിസംബറോടെ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

മന്ത്രിമാരായ സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി മുരളി, ചീഫ് എന്‍ജിനിയര്‍ ജോമോന്‍ കെ ജോര്‍ജ്, സൂപ്രണ്ടിങ് എന്‍ജിനിയര്‍ കുഞ്ഞിമുഹമ്മദ് പര്‍വത്, ഹാര്‍ബര്‍ എന്‍ജിനിയര്‍ ജി എസ് അനില്‍കുമാര്‍, അദാനി പോര്‍ട്ട്സ് വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker