CrimeKeralaNews

വിഴിഞ്ഞം: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ ആക്രമണം, 50 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെ എസ് ആർ ടി സി ബസുകൾ ആക്രമിച്ചതിനും കേസെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. കെ എസ് ആർ ടി സി ജീവനക്കാരുടെ വിശ്രമമുറിയുടെ ജനൽ ചില്ല് തകർത്തെന്നും എഫ് ഐ ആര്‍. 

അതേസമയം വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാൻ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്.  

ആക്രമണങ്ങളെ സമരസമിതി ഒഴികെ സര്‍വ്വകക്ഷിയോഗത്തിൽ പങ്കെടുത്തവര്‍ അപലപിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചര്‍ച്ചയിൽ പങ്കെടുത്ത മന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു.

വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും കർശന നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടയാൽ നടപടിയെടുക്കാൻ കോടതിയുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതി പരാമ‍ർശം. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. 

മൂവായിരത്തോളം പേരാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത്. നാൽപ്പതോളം പൊലീസുകാർക്ക് പരിക്കേറ്റു. വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ പൊതുമുതലിനുണ്ടായ നാശനഷ്ടം  സമരക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളുമടക്കം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകും. ഹർജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button