കൊല്ലം: കൊല്ലം ചവറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവേക് ഗോപന്റെ പ്രചരണത്തിനിടെയുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന് മറുപടിയും നല്‍കുന്നുണ്ട്. ‘ഉണ്ടാവണം, നമ്മുടെ മോഡിയച്ചന് പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി,’ സ്ത്രീ തുറന്നടിച്ചു.
ഇതുകേട്ട് ചുറ്റുമുള്ള സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. സീരിയല്‍ രംഗത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് വിവേക് ഗോപന്. രാഷ്ട്രീയത്തിലെത്തിയത് കൊണ്ട് ചലച്ചിത്ര മേഖല വിടില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായുണ്ടാവുമെന്നും വിവേക് ഗോപന് പറഞ്ഞിരുന്നു.