ശാസ്താംകോട്ട: വിസ്മയയുടെ മരണത്തില്‍ കൊലപാതക സാധ്യതയ്ക്ക് പിന്നാലെ പോലീസ്. കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി പോലീസ് പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ല. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. എന്നാല്‍ സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തെ തുടക്കം മുതല്‍ സംശയത്തിലാക്കുന്നു.
ഇതോടെയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി ഭര്‍ത്താവ് കിരണ്‍കുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചത്. ഇവിടെ ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു.
നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത് എന്നാണ് കിരണിന്റെ അച്ഛനും അമ്മയും നല്‍കിയ മൊഴി. വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കിയെന്നാണ് കിരണിന്റെ മൊഴി. ഇതും പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
കിരണിന്റെ മാതാപിതാക്കള്‍ വിസ്മയയ്ക്കും കുടുംബത്തിനും എതിരെ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കിരണ്‍ ആവശ്യപ്പെട്ട കാറല്ല നല്‍കിയതെന്നും പറഞ്ഞതനുസരിച്ചുള്ള സ്വര്‍ണം നല്‍കിയില്ല എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ വിസ്മയയുടെ മരണശേഷവും കിരണിന്റെ ബന്ധുക്കളില്‍ നിന്ന് വന്നിരുന്നു.
വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്. കിരണ്‍കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങള്‍ക്കു സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജനെ, കിരണ്‍കുമാറിന്റെ വീട്ടിലെത്തിച്ചു പരിശോധന നടത്തും.