ശാസ്താംകോട്ട: വിസ്മയ വി നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ വിവരങ്ങള്‍ ഇനിയും അറിയേണ്ടതുണ്ട്.
വിസ്മയയുടെ മരണം ആത്മഹത്യയെന്ന് ഉറപ്പിക്കാന്‍ ഇനിയും പോലീസിനായിട്ടില്ല. അതേസമയം, മൃതദേഹത്തില്‍ കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകളില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴി.
എന്നാല്‍, വിസ്മയയുടെ ശരീരത്തില്‍ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്നാണ് കണ്ടെത്തല്‍.
ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം ലഭിച്ചശേഷം പോലീസ് സര്ജന് കിരണിന്റെ വീട്ടിലെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.