CrimeKeralaNews

വിസ്മയക്ക് വിവാഹേതര ബന്ധം,വ്യാജപ്രചരണം നടത്തി കിരണ്‍,ഫോണ്‍ സംഭാഷണം കോടതിയില്‍

കൊല്ലം: കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ (Vismaya)എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരണിന് (Kiran) കുരുക്കായി സ്വന്തം ഫോൺ റെക്കോർഡുകൾ. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഭര്‍ത്താവ് കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചു. വിസ്മയയുടെ ഭര്‍ത്താവ് കിരണും കിരണിന്‍റെ അളിയന്‍ മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഇതടക്കം കിരണിന്‍റെ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.

കൊല്ലത്തെ വിചാരണ കോടതിയില്‍ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് ഹാജരാക്കിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’ എന്ന് കിരണ്‍ പറയുന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ എത്തിച്ചത്. സഹോദരി ഭര്‍ത്താവ് മുകേഷുമായുളള സംഭാഷണത്തിലായിരുന്നു കിരണിന്‍റെ പരാമര്‍ശം. സ്ത്രീധനത്തിനു വേണ്ടി കിരണ്‍ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടില്‍ വച്ച് താന്‍ വിസ്മയയെ മര്‍ദിച്ചു എന്ന കാര്യം കിരണ്‍ തന്നെ സഹോദരി ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും കോടതിക്ക് മുന്നില്‍ എത്തി.  വണ്ടിയില്‍ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്നാണ് കിരൺ പറയുന്നത്. 

കിരണിന്‍റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം പൊലീസ് കിരണിന്‍റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിര്‍ണായക തെളിവായി ഈ സംഭാഷണങ്ങള്‍ മാറുന്നതും. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് മകളെ കിരണ്‍ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്ക് മുന്നില്‍ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് വിസ്മയ അമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button