കൊല്ലം: കൊല്ലത്തെ വിസ്മയ കേസില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഏറ്റവും നല്ല മാര്‍ഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സിആര്‍പിസി 164 ആം വകുപ്പ് പ്രകാരമാകും മൊഴി രേഖപ്പെടുത്തുക. കഴിഞ്ഞദിവസം ലഭിച്ച ഫോറന്‍സിക് പരിശോധനാഫലം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവലോകനം ചെയ്തു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
വിസ്മയ കേസില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഡോക്ടര്‍മാരില്‍ നിന്ന് തേടിയത്. പ്രതി കിരണ്‍കുമാറിന്റെ സഹോദരീ ഭര്‍ത്താവ് മുകേഷിനെയും പൊലീസ് വീണ്ടും വിളിപ്പിച്ചു.
വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്നാണ് അന്വേഷണസംഘം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞത്. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ശുചിമുറിയുടെ ജനാലയില്‍ ടവ്വല്‍ കഴുത്തില്‍ മുറുകി മരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അല്ലയോ എന്ന സംശയത്തിനുള്ള ഉത്തരമാണ് പൊലീസ് തേടിയത്. ഒരു മീറ്ററും 45 സെന്റീമീറ്ററുമാണ് ശുചിമുറിയിലെ തറയും ജനാലയും തമ്മിലുള്ള ഉയരം. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിനാവശ്യമായ നൂറോളം ചോദ്യങ്ങളുടെ ഉത്തരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്.