വരന് കണ്ണടയില്ലാതെ പത്രം വായിക്കാനാവില്ല; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി
ലക്‌നൗ: വരന് കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാന്‍ സാധിക്കുന്നില്ലെന്ന കാരണത്താല്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ അരയ്യയിലാണ് സംഭവം. വിവാഹം വോണ്ടെന്ന് വെച്ചുവെന്ന് മാത്രമല്ല വരനും കുടുംബത്തിനുമെതിരെ വധുവിന്റെ ബന്ധുക്കള്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സര്‍ദാര്‍ കോട്‌വാലി പ്രദേശത്തെ ജമാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അര്‍ച്ചനയും ബാന്‍ഷി ഗ്രാമത്തില്‍ നിന്നുള്ള ശിവവും തമ്മിലുള്ള വിവാഹമാണ് നടക്കാനിരുന്നത്. വിവാഹ ദിവസം വരെ വരന്റെ കാഴചക്കുറവിനെ കുറിച്ച് വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
വിവാഹദിവസം അധിക സമയത്തും വരന്‍ കണ്ണട വെക്കുന്നത് കണ്ടാണ് വധുവിനും മറ്റൊരു ബന്ധുവിനും സംശയം തോന്നിയത്. പിന്നാലെ പരീക്ഷിക്കാനായി കണ്ണട വെക്കാതെ പത്രം വായിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. കണ്ണട വെക്കാതെ വായിക്കാന്‍ സാധിക്കാത്ത യുവാവ് പരീക്ഷണത്തില്‍ പരാജയപ്പെട്ടു. ഇതോടെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറി.
സ്ത്രീധനമായി നല്‍കിയ പണവും മോട്ടോര്‍ സൈക്കിളും തിരികെ ആവശ്യപ്പെട്ട വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ചെലവായ മുഴുവന്‍ തുകയും നഷ്ട പരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വരന്റെ വീട്ടുകാര്‍ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസുകാര്‍ വിഷയം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശിവത്തിന്റ ബന്ധുക്കള്‍ സമ്മതിച്ചില്ലെന്ന് വധുവിന്റെ പിതാവ് അര്‍ജുന്‍ സിങ് പറഞ്ഞു.