കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം. ഇതിനുപുറമേ പത്തുവര്‍ഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ന് ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് 10 വര്‍ഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.
2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തി. ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് പിന്തുടര്‍ന്നെത്തിയാണ് അറസ്റ്റ് ചെയ്തത്. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞത്.വിപിന, വിസ്മയ, അരുണ്‍ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങള്‍