ബാഗളൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുമ്പോള്‍ കൃത്യമായ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ്. താങ്കള്‍ ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് അപ്രത്യക്ഷമാകില്ലെന്നാണ് സിദ്ധരാമയ്യ കുറിച്ചത്.
അഞ്ച് ട്വീറ്റുകളിലൂടെ രൂക്ഷഭാഷയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ താങ്കള്‍ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യം പൂര്‍ത്തീകരിച്ച് ഉത്തവരവാദിത്തം കാണിക്കൂവെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ഇപ്പോഴത്തെ അവസ്ഥയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കാര്യവുമില്ലാതെ നിങ്ങള്‍ തുടര്‍ച്ചയായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് വൈറസ് അപ്രത്യക്ഷമാകില്ല. മാത്രമല്ല മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ നിങ്ങള്‍ ഹെഡ്മാസ്റ്ററുമല്ല. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യങ്ങള്‍ നിറവേറ്റി നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വം കാണിക്കൂ. കൊവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ എല്ലാ സംസ്ഥാനങ്ങല്‍ും ദിവസേന മരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട് ഓക്സിജന്‍ ആവശ്യപ്പെടുമ്പോള്‍, പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ നടപടിയെടുക്കാനാണ് അദ്ദേഹം പറയുന്നത്.
നമ്മുടെ രാജ്യത്ത് ഷോര്‍ട്ടേജുള്ളപ്പോള്‍ എന്തിനാണ് നിങ്ങള്‍ ഓക്സിജന്‍ കയറ്റുമതി കൂട്ടിയത്. കര്‍ണാടകയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ഉള്ളത് 7621 കിടക്കകളാണ്. അതില്‍ 6124 കിടക്കകള്‍ ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. ആകെ ബാക്കിയുള്ളത് 1487 കിടക്കകളാണ്.
കര്‍ണാടകയിലെ യഥാര്‍ത്ഥ അവസ്ഥ മുഖ്യമന്ത്രി പ്രധാനമന്ത്രിയോ ധരിപ്പിച്ചിരുന്നോ, കര്‍ണാടകയില്‍ കാര്യങ്ങളെല്ലാം കൈവിട്ട് പോവുകയാണ്. ഇതിനുള്ള പരിഹാരം കര്‍ണാടകയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിക്കണം. ഇത്രയും മോശം മുഖ്യമന്ത്രിയെ വച്ച് എങ്ങനെയാണ് പ്രധാനമന്ത്രിക്ക് കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുക- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.