നേമവും വട്ടിയൂര്‍ക്കാവും ഉള്‍പ്പെടെ 12 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റി വിലയിരുത്തല്‍

കൊച്ചി: സംസ്ഥാനത്ത് 12 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റി വിലയിരുത്തല്‍. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍കാവ് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുള്ളത്. നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോള്‍ വിധിനിര്‍ണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നുമാണ് വിലയിരുത്തി.

നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും കാസര്‍കോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരാണ്. തെരഞ്ഞെടുപ്പില്‍ മുപ്പതില്‍ അധികം വരുന്ന മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

തൃശ്ശൂരില്‍ സുരേഷ് ഗോപിയും മണലൂരില്‍ എ.എന്‍. രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശും നല്ല മത്സരമാണ് കാഴ്ചവെച്ചത്. ബൂത്തുകളില്‍നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്.

മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ബി.ജെ.പി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളില്‍ വാശിയേറിയ മത്സരമാണു നടന്നത്. ഫലം വരുന്നതോടെ ബി.ജെ.പി. കേരളത്തില്‍ പുതിയ ചരിത്രമെഴുതും. ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍നടന്ന കോര്‍-കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News