സ്‌കൂളിലേക്ക് പോകുംവഴി യൂണിഫോമില്‍ സ്‌കൂള്‍ ബാഗും തോളില്‍ തൂക്കിയുള്ള രണ്ട് വിദ്യാര്‍ഥികളുടെ ജിംനാസ്റ്റിക്‌സ് പ്രകടന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഇന്ത്യാക്കാരായ ഈ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ജിംനാസ്റ്റിക്‌സ് റാണി നാദിയ കൊമനേച്ചിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘അതിശയകരം’ എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ ഇവര്‍ കുറിച്ചത്.
വിരമിച്ച താരമാണെങ്കിലും നാദിയയ്ക്ക് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. നാദിയ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്തു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികളുടെ പ്രകടനം. തോളില്‍ സ്‌കൂള്‍ ബാഗുമുണ്ട്. എന്നാല്‍ ബാഗൊന്നും പ്രകടനത്തെ ബാധിക്കുന്നതേയില്ല. കൃത്യതയോടെ ആയാസരഹിതമായ വിധത്തില്‍ രണ്ട് കുട്ടികളും മലക്കം മറിയുകയും കൈക്കുത്തി മറിയുകയും ചെയ്യുന്നുണ്ട്.
കുട്ടികളെ അഭിനന്ദിച്ച് നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തി. ചിലര്‍ കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് ചരിത്രത്തില്‍ പെര്‍ഫെക്ട് 10 നേടിയ ആദ്യവ്യക്തിയാണ് നാദിയ. അഞ്ച് തവണ ഈ റൊമേനിയന്‍ താരം ഒളിമ്പിക്‌സ് സ്വര്‍ണം നേടിയിട്ടുണ്ട്. നാദിയയുടെ അഭിനന്ദനം കുട്ടികള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുമെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം കുട്ടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മേഘാലയയില്‍ നിന്നുള്ളവരാണെന്നാണ് സൂചന.
This is awesome pic.twitter.com/G3MxCo0TzG
— Nadia Comaneci (@nadiacomaneci10) August 29, 2019