ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ അലയടികള്‍ രാജ്യത്ത് അവസാനിച്ചിട്ടില്ല. അവിടെ അരങ്ങേറിയ ക്രൂരയുടെ ആഴം നാം മനസിലാക്കിയത് മാധ്യമവാര്‍ത്തകളിലൂടെയാണ്. മാധ്യമങ്ങളെ വിലക്കിയ യു.പി പോലീസിന്റെ തട്ടകത്തിലേക്ക് തല ഉയര്‍ത്തി തന്നെ കടന്ന് ചെന്ന് ചോദ്യങ്ങള്‍ ചോദിച്ച് വിറപ്പിച്ചു പ്രതിമ മിശ്ര എന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം താരം. ആരാണ് ഈ പ്രതിമ മിശ്ര?
എ.ബി.പി ചാനലിലെ അവതാരകയും റിപ്പോര്‍ട്ടറുമാണ് പ്രതിമ മിശ്ര. മഹാരാഷ്ട്രയിലെ മുംബൈയിലാണ് പ്രതിമയുടെ ജനനം. 2012 മുതല്‍ പ്രതിമ എ.ബി.പി ചാനലിനൊപ്പമുണ്ട്. ഡല്‍ഹിയിലെ മഹാരാജ അഗ്രസെന്‍ കോളജില്‍ നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ പ്രതിമ 2009 ല്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ന്യൂസ് 18 ചാനലില്‍ എത്തി. അവിടെ നിന്നാണ് പ്രതിമ എബിപി ചാനലില്‍ കറസ്പോന്‍ഡന്റ് ആയി എത്തുന്നത്. രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, കായികം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പ്രതിമ കൈകാര്യം ചെയ്തു. വിവാദ വിഷയങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണമെടുത്തു. ചില അഴിമതി കേസുകളും കശ്മീര്‍ പ്രളയവും ഐപിഎല്ലും പ്രതിമയിലൂടെ പ്രേക്ഷകരിലെത്തി.
പിന്നീട് എ.ബി.പി ചാനലിലെ ‘നമസ്തേ ഭാരത്’ എന്ന പരിപാടിയുടെ മുഖമായി പ്രതിമ. ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച നിര്‍ഭയ കേസും പ്രതിമ റിപ്പോര്‍ട്ട് ചെയ്തു. പ്രതിമയുടെ മാധ്യമ ജീവിതത്തില്‍ ആദ്യമായി ലഭിച്ച ഏറ്റവും വലിയ അസൈന്‍മെന്റായിരുന്നു നിര്‍ഭയ കേസ്. മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള 2017 ലെ രാംനാഥ് ഗോയെങ്ക അവാര്‍ഡ് പ്രതിമ സ്വന്തമാക്കി. നിലവില്‍ ഡല്‍ഹിയിലാണ് പ്രതിമയുടെ താമസം.