ഒളിക്യാമറയില്‍ പതിഞ്ഞുവെന്ന് കരുതി സ്ത്രീകളുടെ ഭാവി നശിക്കില്ല; കുറിപ്പ് വൈറല്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം രണ്ടിന്റെ വരവിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം രണ്ടാം ഭാഗത്തില്‍ ചില പുതിയ താരങ്ങളും എത്തുന്നുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു പുതിയ ഭാഗം വരുന്നത്. ദൃശ്യം 2 സെറ്റില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അതേസമയം ദൃശ്യത്തെ കുറിച്ചുളള ഒരു യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ജോര്‍ജ്ജുകുട്ടിയുടെ ഭാര്യ റാണിയോട് പറയുന്ന തരത്തിലാണ് കുറിപ്പുളളത്. ആന്‍സി എം കുര്യനാണ് ദൃശ്യത്തെ കുറിച്ചുളള കുറിപ്പുമായി എത്തിയിരിക്കുന്നത്.

ആന്‍സിയുടെ വാക്കുകളിലേക്ക്:

ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊളളാം. എന്നാല്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു സീനില്‍ ഒളിക്യാമറയില്‍ മകള്‍ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി, എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ.

എന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാര്‍ക്ക് പകരം നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് എന്റെ മകളെ മോശമായി കാണുന്ന ഒരു സമൂഹമുണ്ടെങ്കില്‍ ആ സമൂഹത്തെ എനിക്കും എന്റെ മകള്‍ക്കും പുല്ലാണ് എന്ന് പറയുന്ന യഥാര്‍ത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.

ഈ സീന്‍ കണ്ട് അനാവശ്യമായി പേടിച്ചുപോയ അമ്മമാരോട് പെണ്‍മക്കളോട് സ്ത്രീകളുടെ ശരീരം ഒരു ക്യാമറയില്‍ പതിഞ്ഞുവെന്ന് കരുതി ഒരു ഭാവിയും നശിച്ചുപോകില്ല.പോകേണ്ടതുമില്ല.

അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചുനിര്‍ത്തുന്ന പുരുഷ ലോകത്തോട് പറയാന്‍ മലയാള നിഘണ്ടുവില്‍ ഉളളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്. സിനിമ എപ്പോഴും സന്ദേശം നല്‍കണം എന്നൊന്നും വാശി പിടിക്കാന്‍ പറ്റില്ല. അങ്ങനെ പിടിക്കുന്നുമില്ല.

എങ്കിലും സമൂഹം മുന്നോട്ടുപോകുന്നതിന് അനുസരിച്ച് ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ. എറ്റവും കൂടൂതല്‍ ആളുകള്‍ കാണാനിടയുളള സിനിമകളാകുമ്‌ബോള്‍ പ്രത്യേകിച്ചും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News