പാലക്കാട്: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ നിയന്ത്രണം ലംഘിച്ച് വീണ്ടും സിപിഎം. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് കന്നുപൂട്ട് മത്സരമാണ് സിപിഎം സംഘടിപ്പിച്ചത്. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി വേലായുധന്‍റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്. 200 ലേറെ പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരണം.
സിപിഎം പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന ജി. വേലായുധന്‍റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തെന്ന് പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറി വിനോദ് അറിയിച്ചു. 200നടുത്ത് നാട്ടുകാരും കാഴ്ചക്കാരായി ഉണ്ടായിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും സംഘടിപ്പിച്ചത്. മലമ്പുഴ എംഎല്‍എയായ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. പാലക്കാട് ജില്ലയിൽ 21 ശതമാനത്തിന് മുകളിലാണ് ടിപിആർ നിരക്ക്.
മെഗാ തിരുവാതിര വിവാദത്തിന് പിന്നാലെ ഗാനമേളയും. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഗാനമേള. കൊവിഡ് ചട്ടം നിലനിൽക്കെയായിരുന്നു കൊവിഡ് ക്ലസ്റ്ററായി മാറിയ വേദിയിൽ ഗാനമേള സംഘടിപ്പിച്ചത്.
തിരുവാതിരയിൽ തുടങ്ങി ഗാനമേളയിലാണ് സിപിഎം സമ്മേളനം അവസാനിച്ചത്. രണ്ട് ദിവസം നീണ്ട ചൂടേറിയ ചർച്ചകൾ, മൂന്ന് ദിവസം നേതാക്കളുടെ പ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞപ്പോഴാണ് ഗാനമേള സംഘടിപ്പിച്ചത്. സമ്മേളന ചിട്ടവട്ടങ്ങൾ പൂർത്തിയായപ്പോൾ പ്രതിനിധികളെ ഉന്മേഷവാന്മാരാക്കാനായിരുന്നു ഗാനമേള. സ്വാഗത സംഘത്തിന്റെ വകയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയതിനെ ഞെട്ടൽ മാറും മുൻപ് നടത്തിയ തിരുവാതിര വൻ വിവാദമായതിന് പിന്നാലെയാണ് ഗാനമേള. തിരുവാതിര നടത്തിയതിലെ അനൗചിത്യം തുറന്ന് പറഞ്ഞുള്ള ക്ഷമാപണത്തിന് പിന്നാലെയാണിതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത.
സൂപ്പർ ഹിറ്റായി മാറിയ പുതിയ സിനിമാ ഗാനങ്ങളാണ് സമ്മേളന വേദിയിൽ ഉത്സാഹഭരിതമാക്കിയത്. കേട്ടുനിന്ന പ്രവർത്തകർക്കും പ്രതിനിധികൾക്കും പരിപാടി ആവേശമായി. തീവ്രമായ കൊവിഡ് വ്യാപനത്തിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം നിലനിൽക്കെയായിരുന്നു കലാപ്രകടനം.
നാല് പേർക്ക് കൊവിഡ് പിടിപ്പെട്ട് കൊവിഡ് ക്ലസ്റ്ററായി മാറിയതിന് പിന്നാലെയാണ് ഇതേ വേദിയിൽ തന്നെ ഗാനമേള സംഘടിപ്പിക്കപ്പെട്ടത്. സമാപന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നത് വരെ പാറശാലയിലെ എസി മുറിയിൽ ഗാനമേളയും ആരവങ്ങളും അലയടിച്ചു.
നേരത്തെ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന വരികളുമായി മെഗാ തിരുവാതിര നടത്തിയതിൽ സ്വാഗതസംഘം ഖേദം പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ സമാപനദിവസം നന്ദി പ്രകാശിപ്പിക്കുന്നതിനിടെ സ്വാഗതസംഘം കൺവീനറും സി.പി.എം. പാറശ്ശാല ഏരിയ സെക്രട്ടറിയുമായ എസ്.അജയകുമാറാണ് ഖേദപ്രകടനം നടത്തിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് 150 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ ജില്ലാ ഭരണകൂടം വിലക്കിയിരുന്നെങ്കിലും അഞ്ഞൂറിലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. ഇടുക്കിയിൽ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ. പ്രവർത്തകന്റെ മൃതദേഹവുമായി വിലാപയാത്ര നടക്കുന്ന ദിവസം തിരുവാതിര സംഘടിപ്പിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു. തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരേ കോവിഡ് മാനദണ്ഡലംഘനത്തിന് പാറശ്ശാല പോലീസ് കേസെടുത്തിരുന്നു. പ്രതിനിധി സമ്മേളനത്തിലും പ്രതിഷേധമുയർന്നു. സ്തുതിപാടലും മെഗാ തിരുവാതിരയും പ്രവർത്തകരിൽ വിഷമമുണ്ടാക്കിയതായി തിരിച്ചറിഞ്ഞെന്നും അതുകൊണ്ട് ഖേദം പ്രകടിപ്പിക്കുകയാണെന്നും എസ്.അജയകുമാർ പറഞ്ഞു.
പാറശ്ശാലയിലെ തിരുവാതിരക്കളി വിവാദം സൃഷ്ടിച്ചതിനു പിന്നാലെ തൃശ്ശൂരിലും സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര. ഊരോക്കാട് നടന്ന തിരുവാതിരക്കളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകരാണ് പങ്കെടുത്തത്.
നൂറോളം പേർ പങ്കെടുത്ത തിരുവാതിരക്കളിയിൽ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിനിടെ അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് പാറശ്ശാലയിൽ തിരുവാതിരക്കളി സംഘടിപ്പിച്ചത് വൻ വിവാദമായതിനു പിന്നാലെയാണ് തൃശ്ശൂരിലും മെഗാതിരുവാതിര നടന്നത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അതേസമയം നേരത്തെ നിശ്ചയിച്ച മെഗാതിരുവാതിര ഒഴിവാക്കി കോവിഡ് മാനദണ്ഡമനുസരിച്ച് ചുരുങ്ങിയരീതിയിലാണ് പരിപാടി നടത്തിയതെന്ന് മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ഗിരിജാദേവി പറഞ്ഞു.