വൈക്കം: കുലശേഖരമംഗലത്ത് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത് ആളൊഴിഞ്ഞപറമ്പിലെ മരത്തിൽ. അമർജിത് (23), കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വീട് അടുത്താണ്. അയൽവാസിയായ മനോജ് സുഹൃത്തിന്റെ വീട്ടിൽവച്ചിരുന്ന ബൈക്ക് എടുക്കാൻ പോകുമ്പോൾ രണ്ടുപേരും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
ഇരുവരെയും കാണാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെതന്നെ വീട്ടുകാർ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് മരണവാർത്ത പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലം ഏറെനാളായി കാടുപിടിച്ചുകിടക്കുകയായിരുന്നു. അവിടെ ചരിഞ്ഞുനിൽക്കുന്ന ഒരുപുന്നമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
പെൺകുട്ടിയുടെ വീടിന്റെ അടുക്കളവാതിൽ തുറന്നുകിടക്കുന്ന നിലയിലാണ് രാവിലെ കണ്ടത്. രാത്രിയിൽ അടച്ചിരുന്നതായി വീട്ടിലുള്ളവർ പറഞ്ഞു.
ഇവർക്കിടയിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ബന്ധുക്കൾ പോലീസിനു നൽകിയ മൊഴി. നാട്ടുകാരും ഇതേ വിവരമാണ് വൈക്കം പോലീസിന് കൈമാറിയത്.സംഭവത്തെക്കുറിച്ച് നിലവിൽ സംശയങ്ങൾ ഒന്നുമില്ലെന്ന് വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ് പറഞ്ഞു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് പരിശോധനയും പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കൃഷ്ണപ്രിയയുടെ സംസ്കാരം നടത്തി. അമർജിത്തിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വിവാഹം നടക്കില്ലെന്ന സംശയം ആത്മഹത്യക്ക് കാരണമായോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കങ്ങൾ വീടുകളിൽ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി.കൃഷ്ണപ്രിയ എറണാകുളത്താണ് എയർഹോസ്റ്റസ് കോഴ്സ് പഠിക്കുകയായിരുന്നു. അമർജിത്ത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞതാണ്.