KeralaNews

കനറാ ബാങ്കില്‍ നിന്ന് എട്ടു കോടി തട്ടിയ കേസ്; പ്രതി വിജീഷിന്റെ അക്കൗണ്ട് കാലി

പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി വിജീഷ് വര്‍ഗീസിന്റെ അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടെത്തി. അക്കൗണ്ട് മരവിപ്പിക്കും മുന്‍പ് മുഴുവന്‍ തുകയും പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി. പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ മിനിമം ബാലന്‍സേ നിലവിലുള്ളൂ.

കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജീഷ് വര്‍ഗീസിനെ ചോദ്യം ചെയ്തതിലൂടെയാണ് അക്കൗണ്ട് കാലിയായ വിവരം കണ്ടെത്തിയത്. തട്ടിയെടുത്ത തുകയില്‍ ആറര കോടിയോളം രൂപ പ്രതി വിജീഷ്, ഭാര്യ സൂര്യ താര വര്‍ഗീസ്, പ്രതിയുടെ അമ്മ, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ നിലവില്‍ ഈ നാല് അക്കൗണ്ടുകളും കാലിയാണ്. പണം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയതായി വിജീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

14 മാസം കൊണ്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു.

സംശയാസ്പദമായ മുഴുവന്‍ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button