ലോക്ക്ഡൗണ്‍ ലംഘനം; ശ്രീരാമന്റെ പേര് എമ്പോസിഷന്‍ എഴുതിച്ച് പോലീസ്
ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ശ്രീരാമന്റെ പേര് എമ്പോസിഷന്‍ എഴുതിച്ച് പോലീസ്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. സത്‌ന സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിംഗ് ആണ് വിചിത്ര ശിക്ഷ നല്‍കിയത്. ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തില്‍ ഒരു ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
”നേരത്തെ, ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ 45 മിനിട്ട് മുതല്‍ ഒരു മണിക്കൂറോളം സിറ്റപ്പ് ചെയ്യിപ്പിച്ചിട്ട് വിട്ടയക്കുമായിരുന്നു. പക്ഷേ, അതിനു പകരം ഭഗവാന്‍ രാമന്റെ പേര് എഴുതിക്കാമെന്ന് ഞങ്ങള്‍ വിചാരിച്ചു. കുറ്റക്കാര്‍ക്കും അത് പ്രശ്‌നമില്ല. 3 ദിവസമായി ഞങ്ങള്‍ ഈ ശിക്ഷ നല്‍കുന്നുണ്ട്. 25 പേരോളം എമ്പോസിഷന്‍ എഴുതിക്കഴിഞ്ഞു. ഇതുവരെ ഒരു പരാതി പോലും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.”- സന്തോഷ് സിംഗ് പറഞ്ഞു.
അതേസമയം രാജ്യത്ത് ഇന്നലെ 2,81,386 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4106 പേര്‍ രോഗബാധിതരായി മരണപ്പെട്ടു. ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.
പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.