ചെന്നൈ:തമിഴ്നാട്ടിൽ നടന്‍ വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയിന്റെ ഏറ്റവും കഴിഞ്ഞ ചിത്രമായ ബിഗിലിന്റെ റിലീസ് വേളയില്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നല്‍കിയിരുന്നു. മെര്‍സല്‍ സിനിമയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി ഉള്‍പ്പെടെയുള്ള പല നയങ്ങളെയും ശക്തിയുക്തം എതിര്‍ത്തതോടെ വന്‍ വിവാദങ്ങളാണ് വിജയിനെ കാത്തിരുന്നത്. പേരിന്റെയും ജാതിയുടെയും പേരില്‍ വരെ വിജയ് ആക്രമിക്കപ്പെട്ടിരുന്നു. ഇനിയും റിലീസാകാനുള്ള മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗിനിടെ താരത്തിന്റെ വീട്ടിലും ഓഫീസിലും ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയിരുന്നു. ഇതൊക്കെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നേയുള്ള സൂചനകളായാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍, പോസ്റ്റര്‍ വിവാദത്തില്‍ വിജയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.