മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സായി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് വിറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയല്‍ട്ടേഴ്സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡി ആര്‍ ടി)ആണ് വില്‍പന നടത്തിയത്.
2016 മാര്‍ച്ച് മുതലാണ് കെട്ടിടം വില്‍ക്കാനുള്ള നീക്കം ആരംഭിച്ചത്. മുംബൈ സാന്താക്രൂസിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് 150 കോടി രൂപ മൂല്യം നിശ്ചയിച്ച കിങ്ഫിഷര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇതുവരെയും വില്‍പന നടന്നിരുന്നില്ല. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് ഇപ്പോള്‍ വില്‍പന നടന്നിരിക്കുന്നത്.
കിങ്ഫിഷര്‍ ഹൗസ് വില്‍പനയില്‍നിന്ന് കിട്ടുന്ന പണം മല്യക്ക് വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണ് ലഭിക്കുക. മല്യയുടെ ഓഹരികള്‍ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു. എസ് ബി ഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ളത്. 2019 ല്‍ മല്യയെ സാമ്ബത്തിക കുറ്റവാളിയായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലുള്ള മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.