കൊച്ചി:വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചതോടെയാണ് ക്വാർട്ടർ ലൈനപ്പ് വ്യക്തമായത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. അതേസമയം, ക്വാർട്ടറിൽ കടന്ന കേരളത്തിന് തിരിച്ചടിയായ സഞ്ജു സാംസൺ പരുക്കേറ്റ് ടീമിനു പുറത്തായി. ഇതോടെ ക്വാർട്ടർ മത്സരങ്ങൾക്കുള്ള ടീമിൽ പകരക്കാരനായ പേസ് ബോളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി.
5 എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്റിൽ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി.
തിങ്കളാഴ്ച നടന്ന ഡൽഹി – രാജസ്ഥാൻ മത്സര ഫലമനുസരിച്ചായിരുന്നു കേരളത്തിന്റെ മുന്നേറ്റ സാധ്യതകൾ. ഡൽഹി രാജസ്ഥാനെ എട്ടു വിക്കറ്റിനു തോൽപ്പിച്ചെങ്കിലും റൺറേറ്റിൽ പിന്നിലായതോടെയാണ് കേരളം ഏഴാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയത്. അതേസമയം, ബറോഡയെ പിന്തുള്ളി ഡൽഹി പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റർ കളിക്കാൻ യോഗ്യത നേടി. ഇരു ടീമുകൾക്കും 16 പോയിന്റ് വീതമാണെങ്കിലും ഡൽഹിക്ക് +0.507 ആണ് റണ്‍റേറ്റ്. ബറോഡയ്ക്ക് +0.399ഉം.
എലീറ്റ് ഗ്രൂപ്പ് സിയിൽ നിലവിലെ ചാംപ്യൻമാരായ കർണാടകയോട് ഒൻപതു വിക്കറ്റിനു തോറ്റെങ്കിലും ഒഡീഷ (മഴനിയമപ്രകാരം 34 റൺസിന്), ഉത്തർപ്രദേശ് (മൂന്നു വിക്കറ്റിന്), റെയിൽവേസ് (ഏഴു റൺസിന്), ബിഹാർ (ഒൻപതു വിക്കറ്റിന്) ടീമുകളെ തോൽപ്പിച്ചാണ് കേരളം 16 പോയിന്റുമായി ക്വാർട്ടറിലെത്തിയത്.
∙ കേരള ടീം
സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോബിൻ ഉത്തപ്പ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, വിനൂപ് എസ്. മനോഹരൻ, സിജോമോൻ ജോസഫ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം. അരുൺ, എം.ഡി. നിധീഷ്, എം.പി. ശ്രീരൂപ്, എസ്. ശ്രീശാന്ത്, എഫ്. ഫാനൂസ്, കെ.ജി. രോജിത്ത്, ബേസിൽ തമ്പി.